ഭോപ്പാൽ: പരിശീലനപറക്കലിനിടെ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു. മദ്ധ്യപ്രദേശിലെ ശിവപുരിയിലാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാർ പരിക്കുകളോടെ രക്ഷപ്പെട്ടു. പതിവ് പരിശീലനപറക്കലിനിടെയാണ് അപകടം നടന്നത്. വ്യോമസേനയുടെ മിറാഷ് 2000 പരിശീലന വിമാനമാണ് തകർന്നുവീണത്.
വിമാനത്തിന് സാങ്കേതിക തകരാറ് ഉണ്ടായിരുന്നതായാണ് പ്രാഥമിക റിപ്പോർട്ട്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അപകടസ്ഥലം അധികൃതർ പരിശോധിച്ചുവരികയാണ്. 2019 -ലെ ബാലകോട്ട് വ്യോമാക്രമണം ഉൾപ്പെടെ വിവിധ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ച വിമാനമാണ് തകർന്നത്.















