കോഴിക്കോട്: യുവാവിനെ വീട്ടിൽ കയറി ക്രൂരമായി മർദ്ദിച്ചു. മുക്കം കൽപുഴായിയിലാണ് സംഭവം. പുൽപ്പറമ്പ് സ്വദേശി പ്രജീഷിനെയാണ് സംഘം ആക്രമിച്ചത്. പ്രജീഷിന്റെ സുഹൃത്തിന്റെ ഭാര്യയുടെ ബന്ധുക്കളാണ് അർദ്ധരാത്രി വീട്ടിലെത്തി മർദ്ദിച്ചത്. തലയ്‌ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ പ്രജീഷ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വീട്ടുകാരുടെ നിലവിളി കേട്ട് അയൽവാസികൾ എത്തിയപ്പോഴേക്കും അക്രമികൾ വാഹനത്തിൽ കയറി രക്ഷപ്പെട്ടിരുന്നു. ആദ്യം മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമായതോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ അബോധാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ് പ്രജീഷ്.
ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ വധശ്രമത്തിന് മുക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഡ്സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.















