പാലക്കാട് : പാലക്കാട് കൂറ്റനാട് നേർച്ചയ്‌ക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. വള്ളംകുളം നാരായണൻ കുട്ടി എന്ന ആനയാണ് പാപ്പാനെ കുത്തിക്കൊന്നത്. ആക്രമണത്തിൽ ഒരാൾക്ക് കൂടെ പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ പരിക്ക് ഗുരുതരമല്ല.
പത്തനംതിട്ട തിരുവല്ല സ്വദേശി എൻ.കെ. കുഞ്ഞുമോനാണ് (50) മരിച്ചത്. കൂറ്റനാട് തണ്ണീർക്കോട് പാതയിൽ രാത്രി 10.45-ഓടെയാണ് സംഭവം. കൂറ്റനാട് ശുഹദാക്കളുടെ മഖാമിൽ നടന്നുവരുന്ന ആണ്ടുനേർച്ചയുടെ ഭാഗമായുള്ള ദേശോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്.
പരിസരപ്രദേശത്തുനിന്നുള്ള 28 ടീമുകളിൽ നിന്നായി 47 ആനകൾ നഗരപ്രദക്ഷിണത്തിനായി ഘോഷയാത്രയിൽ പങ്കെടുത്തിരുന്നു. ഇത് കഴിഞ്ഞു മടങ്ങുന്നതിനിടയാണ് വള്ളംകുളം നാരായണൻകുട്ടി എന്ന ആന ഇടഞ്ഞത്.
മൂന്നുപേരായിരുന്നു ആനപ്പുറത്ത് ഉണ്ടായിരുന്നത്. ഇതിലൊരാൾ സമീപത്തുള്ള ഓട്ടോറിക്ഷയുടെ മുകളിലേക്ക് ചാടിരക്ഷപ്പെട്ടു. മറ്റു രണ്ടുപേരെ ആന കുടഞ്ഞെറിഞ്ഞു. ഒരാൾ ആനയുടെ കൊമ്പിൽ തട്ടി കാൽച്ചുവട്ടിലേക്ക് വീണ് പരിക്കേറ്റു. സ്ഥലത്തുണ്ടായിരുന്നവർ ബഹളംവെച്ച് ആനയുടെ ശ്രദ്ധ തിരിച്ചതിനാൽ ഇയാൾ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. റോഡിൽ വീണ മൂന്നാമൻ ഓടിരക്ഷപ്പെട്ടു.
ഇതിനിടെ ആന പാപ്പാനെ ആക്രമിക്കുകയായിരുന്നു. ഇതിനിടെ ആനപ്പുറത്ത് ഉണ്ടായിരുന്നവരും താഴെ വീണു കുത്തേറ്റ കുഞ്ഞുമോനെ കുന്നംകുളത്തെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. എന്നാൽ വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.ദേശോത്സവത്തിൽ പങ്കെടുക്കാനെത്തിയവരുടെ പത്തിലധികം ബൈക്കുകളും അഞ്ച് ഓട്ടോറിക്ഷകളും മറ്റു വാഹനങ്ങളും ആന തകർത്തു. തണ്ണീർക്കോട് റോഡിലൂടെ കുറച്ചുദൂരം ആന ഓടിയത് നാട്ടുകാരെ പരിഭ്രാന്തരാക്കി.
കൂറ്റനാട് നേർച്ചയിലെ വട്ടപ്പറമ്പൻസ് എന്ന ടീമിന്റെ ആനയാണ് ഇടഞ്ഞത്. ആനയെ തളച്ചശേഷം നേർച്ച പറമ്പിൽ നിന്നും കൊണ്ടുപോയി.















