അമീനുമായുള്ള നിക്കാഹിന് മുമ്പ് തനിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചിരുന്നെന്ന് വെളിപ്പെടുത്തി ഡയാന ഹമീദ്. രണ്ട് വർഷങ്ങൾക്ക് മുമ്പാണ് വിവാഹം ഉറപ്പിച്ചിരുന്നതെന്നും എന്നാൽ പിന്നീട് അതിൽ നിന്ന് പിന്മാറിയെന്നും ഡയാന പറഞ്ഞു. അടുത്തിടെയായിരുന്നു ഡയാനയുടെയും സീരിയൽ നടൻ അമീനിന്റെ നിക്കാഹ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് നിക്കാഹിൽ പങ്കെടുത്തത്. ഇതിന് പിന്നാലെ പ്രണയവിവാഹമാണോ എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് ഇരുവരും എത്തിയിരിക്കുന്നത്.
സുഹൃത്തും നടിയുമായ ആതിരയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഡയാന പങ്കുവക്കുന്നത്. അമീനെ കുറിച്ച് ഡയാനയുടെ അമ്മയോട് ആദ്യം സംസാരിച്ചത് ആതിരയാണ്. ഒരു ടെലിവിഷൻ പ്രോഗ്രാമിൽ തന്റെ ഭാവി വരനെ കുറിച്ച് ഡയാന പറയുന്ന കാര്യങ്ങൾ സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധേയമായിരുന്നു.
‘ഞങ്ങളുടേത് പ്രണയവിവാഹമല്ല. ആദ്യമേ വീട്ടുകാർ ആലോചിച്ച് എടുത്ത തീരുമാനമാണ്. പ്രണയിക്കാനുള്ള സമയമൊന്നും ഞങ്ങൾക്ക് കിട്ടിയിട്ടില്ല. വീട്ടുകാർ തന്നെ ഇതിന് മുൻകയ്യെടുത്ത് ഓരോന്ന് ചെയ്തു. ഐശ്വര്യയുടെ കല്യാണം കഴിഞ്ഞതിന് ശേഷമാണ് ഞങ്ങൾ പരസ്പരം മിണ്ടുന്നത്. അതിന് ശേഷമാണ് മസേജ് അയച്ചതും കല്യാണത്തെ കുറിച്ച് സംസാരിച്ചതും. ഈ വർഷം സെപ്റ്റംബറിലായിരിക്കും വിവാഹം. പ്രണയവിവാഹമാണോയെന്ന് എല്ലാവരും ഞങ്ങളോട് ചോദിക്കാറുണ്ട്. പ്രെപ്പോസൽ ആയി തന്നെ വന്നതാണ്. ആതിരയാണ് ഞങ്ങൾക്കിടയിലെ മാച്ച് മേക്കറെന്നും’ ഡയാന പറഞ്ഞു.
ഈ ആലോചന കൊണ്ടുവന്നത് താനാണെന്ന് ആതിരയും വീഡിയോയിൽ പറയുന്നുണ്ട്. ‘ഒരു ദിവസം ഡയാനയുടെ വീട്ടിൽ വന്നപ്പോൾ അമീന്റെ സീരിയൽ ഡയാനയുടെ ഉമ്മ കാണുന്നുണ്ടായിരുന്നു. അപ്പോഴാണ് അമീന്റെ കാര്യം ഞാൻ ഉമ്മയോട് പറഞ്ഞത്. നല്ല പയ്യനാണ് ബിടെക്കാണ് നമുക്ക് ഡയാനയെ ആലോചിച്ചാലോ എന്ന് ഞാൻ ചോദിച്ചു. മലപ്പുറം അല്ലേ, അത്രയും ദൂരമല്ലേ വേണ്ട മോളേ എന്നാണ് ഉമ്മ ആദ്യം പറഞ്ഞതെന്നും’ ആതിര വീഡിയോയിൽ പറയുന്നു.















