ന്യൂഡൽഹി: സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി അഞ്ച് വർഷത്തിനിടെ ആദ്യമായി റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ചു. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗത്തിലാണ് തീരുമാനം.
ആദായ നികുതി ഇളവിലൂടെ മധ്യവർഗ ഉപഭോഗം വർദ്ധിപ്പിക്കുക എന്നതും കേന്ദ്രസർക്കാരിന്റെ ലക്ഷ്യമാണ്. ഇതിന് കരുത്തേകുന്ന തീരുമാനമാണ് റിസർവ് ബാങ്കും കൈക്കൊണ്ടത്. റിപ്പോ നിരക്ക് കുറച്ചതോടെ ഭവന-വ്യക്തിഗത വായ്പാ പലിശ നിരക്ക് കുറയും. അതുവഴി എല്ലാം വായ്പകളുടേയും തിരിച്ചടവ് തവണ തുകയിലും കാര്യമായ മാറ്റം വരും.
ആർബിഐയിൽ നിന്നുള്ള മൂന്ന് അംഗങ്ങളും മൂന്ന് ബാഹ്യ അംഗങ്ങളും അടങ്ങുന്നതാണ് ആർബിഐ മോണിറ്ററി പോളിസി കമ്മിറ്റി. 2020 മെയ് മാസത്തിലാണ് അവസാനമായി റിപ്പോ നിരക്ക് കുറച്ചത്. കഴിഞ്ഞ 11 യോഗത്തിൽ ഇത് മാറ്റമില്ലാതെ നിലനിർത്തുകയായിരുന്നു.
ആഗോള സമ്പദ്‌വ്യവസ്ഥയിൽ വെല്ലുവിളികൾ തുടരുകയാണെന്നും ചരിത്രത്തിലാദ്യമായി വളർച്ച ശരാശരിയേക്കാൾ താഴേയാണെന്നും സഞ്ജയ് മൽഹോത്ര യോഗത്തിന് ശേഷം ചൂണ്ടിക്കാട്ടി. ആഗോള പ്രതിസന്ധി തുടരുമ്പോഴും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തവും പ്രതിരോധശേഷിയുള്ളതുമായി തുടരുന്നു.
മാർച്ചിൽ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തിലെ ജിഡിപി വളർച്ച 6.4% ആയിരിക്കുമെന്ന് ആർബിഐ ഗവർണർ പറഞ്ഞു. 2025-26 സാമ്പത്തിക വർഷത്തിൽ ആദ്യ പാദത്തിൽ 6.7%, രണ്ടാം പാദത്തിൽ 7%, മൂന്നാം പാദത്തിൽ 6.5%, നാലാം പാദത്തിൽ 6.5% എന്നിങ്ങനെയാണ് വളർച്ച പ്രവചനം.
ഡിജിറ്റൽ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്നതിൽ സഞ്ജയ് മൽഹോത്ര ആശങ്ക പ്രകടിപ്പിച്ചു. സൈബർ തട്ടിപ്പുകൾ തടയാൻ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തണമെന്നും അദ്ദേഹം ബാങ്കുകളോട് ആവശ്യപ്പെട്ടു.















