ന്യൂഡൽഹി: കഴിഞ്ഞ 15 വർഷത്തിനിടെ യുഎസിൽ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ കണക്കുകൾ നിരത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അനധികൃതമായി യുഎസ് അതിർത്തി കടന്ന ഇന്ത്യക്കാരെ നാടുകടത്തിയ സംഭവത്തെ കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ബഹളത്തിന് മറുപടിയായാണ് ജയശങ്കർ കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ 15 വർഷത്തിനിടെ 15,000 -ത്തിലധികം ഇന്ത്യക്കാരെ നാടുകടത്തിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
2009 മുതൽ 2025 ഫെബ്രുവരി വരെയുള്ള കണക്കുകളാണ് നിരത്തിയത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 15,756 ഇന്ത്യക്കാരെയാണ് യുഎസ് നാടുകടത്തിയത്. ഇത് പുതിയ കാര്യമല്ലെന്നും വർഷങ്ങളായി നടക്കുന്നതാണെന്നും ജയശങ്കർ ആവർത്തിച്ചു. ഇത് ഒരു രാജ്യത്തിന്റെ മാത്രം നയമല്ലെന്നും കുടിയേറ്റക്കാരോട് മോശമായി പെരുമാറാതിരിക്കാനുള്ള നടപടികളെ കുറിച്ച് യുഎസുമായി ധാരണയില്ലെത്തുമെന്നും എസ് ജയശങ്കർ അറിയിച്ചു.
കണക്കുകൾ പ്രകാരം 2019-ലാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ യുഎസ് നാടുകടത്തിയത്. അന്ന് 2,042 പേരെയാണ് ഇന്ത്യയിലേക്ക് തിരിച്ചയച്ചത്. കൊവിഡ് മഹാമാരി ലോകത്തെ വലിഞ്ഞുമുറുകിയ വർഷമായ 2020-ൽ നാടുകടത്തിയവരുടെ എണ്ണം1,889 ആയിരുന്നു. കഴിഞ്ഞ ദിവസം പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ യുഎസിന്റെ നാടുകടത്തൽ നയത്തെ കുറിച്ച് വിശദമായി ജയശങ്കർ വ്യക്തമാക്കിയിരുന്നു.
വർഷം- നാടുകടത്തപ്പെട്ടവരുടെ എണ്ണം
2009- 734
2010- 799
2011- 597
2012- 530
2013- 515
2014- 591
2015- 708
2016- 1,303
2017- 1024
2018- 1,180
2019- 2,042
2020- 1,889
2021- 805
2022- 862
2023- 617
2024- 1368
2025- 104