തിരുവനന്തപുരം: സഞ്ജുവിനെ പിന്തുണച്ചതിനല്ല പകരം അസോസിയേഷനെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തി കരാർ ലംഘനം നടത്തിയതിനാണ് കാരണം കാണിക്കൽ നോട്ടീസയച്ചതെന്ന് കെസിഎ. വാതുവയ്പ്പ് കേസിലടക്കം ശ്രീശാന്ത് കുറ്റവിമുക്തനായിട്ടില്ലെന്ന് ആരോപിച്ച കെസിഎ, അസോസിയേഷൻ എല്ലാകാലത്തും താരങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.
വാതുവയ്പ്പിൽ ആരോപണം നേരിട്ട് ശ്രീശാന്ത് ജയിലിൽ കഴിയുന്ന സമയത്തും അസോസിഷൻ ഭാരവാഹികൾ അദ്ദേഹത്തെ സന്ദർശിക്കുകയും പിന്തുണ നൽകുകയും ചെയ്തിരുന്നു. എന്നാൽ വാതുവയ്‌പ്പിൽ ആരോപണം ശരിയാണെന്നു കണ്ടെത്തിയതോടെയാണ് ബിസിസിഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. കോടതി ക്രിമിനൽ കേസ് റദ്ദ് ചെയ്‌തെങ്കിലും വാതുവയ്പ്പ് വിഷയത്തിൽ കുറ്റവിമുക്തനായിട്ടില്ല. അങ്ങനെയുള്ള ശ്രീശാന്ത് കെസിഎ കളിക്കാരുടെ സംരക്ഷണം ഏറ്റെടുക്കേണ്ടതില്ലെന്ന് അസോസിയേഷൻ വാർത്താകുറിപ്പിൽ പറഞ്ഞു.
ശിക്ഷ കാലാവധി പൂർത്തിയാക്കിയ ശ്രീശാന്തിന് രഞ്ജി ട്രോഫി ഉൾപ്പടെ ഉള്ള മത്സങ്ങളിൽ KCA വീണ്ടും അവസരങ്ങൾ നല്‍കിയത് അസോസിയേഷന്റെ സംരക്ഷകനിലപാടുകൊണ്ടുമാത്രമാണെന്നും വാതുവയ്പ്പിൽ ഉൾപ്പെട്ട മറ്റുതാരങ്ങളോട് അവരുടെ അസോസിയേഷനുകൾ ഇങ്ങനെ അനുകൂലസമീപനമാണോ എടുത്തത് എന്നത് അന്വേഷിച്ചാൽ മതിയെന്നുമാണ് കെസിഎയുടെ വാദം. സഞ്ജു സാംസണ് ശേഷം ഇന്ത്യൻ ടീമിൽ ആര് വന്നു എന്ന ശ്രീശാന്തിന്റെ ചോദ്യം അപഹാസ്യമാണെന്നും അത് കേരളക്രിക്കറ്റിനെ കുറിച്ചുള്ള താരത്തിന്റെ അറിവില്ലായ്മയാണെന്നുമായിരുന്നു അസോസിയേഷന്റെ മറുപടി.
കെസിഎയുടെ ആരോപണങ്ങൾക്ക് മറുപടി നൽകിയ ശ്രീശാന്ത് തനിക്കെതിരെ അപകീർത്തികരമായ വാർത്താക്കുറിപ്പിറക്കിയവർ ഉത്തരം പറയേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി. തെറ്റായ വിവരം പ്രചരിപ്പിക്കുന്നവരോട് പ്രതികരിക്കാനില്ല. തന്റെ അഭിഭാഷകർ മറുപടി നൽകും. നിയമത്തിലും നീതിയിലും വിധിയിലും തനിക്ക് വിശ്വാസമുണ്ടെന്നും താരം പറഞ്ഞു.















