ന്യൂഡൽഹി: ആദ്യ കർസേവകനും രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ട്രസ്റ്റിയും ബിജെപി നേതാവുമായ കാമേശ്വർ ചൗപാൽ അന്തരിച്ചു. 69 വയസ്സായിരുന്നു. ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു.
രാമജന്മഭൂമി പ്രസ്ഥാനത്തിന് വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. 1989 നവംബർ 9 ന് അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് ശിലന്യാസ് (ആദ്യ ശില ) നിർവ്വഹിച്ചത് അദ്ദേഹമായിരുന്നു. ആ സമയത്ത് വിശ്വഹിന്ദു പരിഷത്തിന്റെ ജോയിന്റ് സെക്രട്ടറിയായിരുന്നു അദ്ദേഹം. 1991 ൽ അദ്ദേഹം ബിജെപിയിൽ ചേർന്നു. 2002 മുതൽ 2014 വരെ ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നു.
1956 ൽ ബിഹാറിലെ കാമറൈലിൽ ഒരു ദളിത് കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. മധുബനിയിലെ ജെഎൻ കോളേജിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം മിഥില സർവകലാശാലയിൽ നിന്ന് എംഎയും കരസ്ഥമാക്കി.
കാമേശ്വർ ചൗപാലിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അനുശോചനം രേഖപ്പെടുത്തി. മഹാനായ രാമഭക്തനാണ് കാമേശ്വർ ചൗപാൽ, രാമക്ഷേത്ര നിർമ്മാണത്തിന് അദ്ദേഹം വിലപ്പെട്ട സംഭാവനകളാണ് നൽകിയതെന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എന്നും സ്മരിക്കപ്പെടുമെന്നും പ്രധാനമന്ത്രി കുറിച്ചു















