മുതുകുളം : ദേവീ ക്ഷേത്രത്തിൽ ഭക്തർക്ക് കുടിവെള്ളമൊരുക്കി ക്രിക്കറ്റ് ക്ലബ് അംഗങ്ങൾ. ദേവസ്വം ബോർഡ് അധീനതയിലുള്ള മുതുകുളം പാണ്ഡവർകാവ് ദേവീ ക്ഷേത്രത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരവുമായിട്ടാണ് തദ്ദേശീയരായ ഊർജ്ജസ്വലരായ യുവാക്കളുടെ കൂട്ടായ്മയായ ‘മുതുകുളം ക്രിക്കറ്റ് ക്ളബ്’ രംഗത്ത് വന്നത്.
എം സി സി എന്ന മൂന്നക്ഷര ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ ക്രിക്കറ്റ് ക്ലബ് പ്രദേശത്തെ യുവാക്കളുടെ കായിക വിനോദ പ്രവർത്തനങ്ങളിൽ മുൻ നിരയിലാണ്. കൂടാതെ ക്രിക്കറ്റിനൊപ്പം ജീവ കാരുണ്യ പ്രവർത്തികളിലും, സാമൂഹിക വിഷയങ്ങളിലും എം സി സി സജീവമാണ്. പ്രത്യേകിച്ച് വർഷങ്ങളായി പാണ്ഡവർകാവ് ക്ഷേത്രത്തിലെ ആറാം തിരു ഉത്സവത്തിന് അന്നദാനം ഉൾപ്പടെയുള്ള കാര്യങ്ങളിൽ എം സി സി യുടെ സഹകരണങ്ങളിലും നേതൃത്വത്തിലും നടന്നു വരുന്നു.
മഹാഭാരതവുമായി ബന്ധപ്പെട്ട പൗരാണിക പ്രാധാന്യമുള്ള മഹാക്ഷേത്രമാണ് പാണ്ഡവർ കാവ് ദേവീക്ഷേത്രം. മധ്യതിരുവിതാംകൂറിലെ പഞ്ചപാണ്ഡവ പ്രതിഷ്ഠിതങ്ങളായ വിഷ്ണു ക്ഷേത്രങ്ങൾ തൃച്ചിറ്റാറ്റ് ശ്രീകൃഷ്ണക്ഷേത്രം, തൃപ്പുലിയൂർ ശ്രീകൃഷ്ണക്ഷേത്രം, തിരുവാറന്മുള ശ്രീകൃഷ്ണ (പാർത്ഥസാരഥി) ക്ഷേത്രം, തൃക്കൊടിത്താനം, തിരുവൻവണ്ടൂർ എന്നിവ ലോകപ്രശസ്തങ്ങളാണ്. ഈ മഹാക്ഷേത്രങ്ങളോടൊപ്പം അതേ തലയെടുപ്പോടെ നിൽക്കുന്ന, പാണ്ഡവമാതാവായ കുന്തി പ്രതിഷ്ഠിച്ച ദുർഗ്ഗാദേവി വാണരുളുന്ന ക്ഷേത്രമാണ് മുതുകുളം ശ്രീ പാണ്ഡവർ കാവ് ദേവീക്ഷേത്രം. അരക്കില്ലത്തിന്റെ ദഹനത്തിന് ശേഷം പാണ്ഡവർ, അമ്മ കുന്തീ ദേവിയോടും ദ്രൗപദിയോടുമൊപ്പം ഖാണ്ഡവവനം ഉൾപ്പെടുന്ന ഇവിടം സന്ദർശിച്ചതായി വിശ്വസിക്കപ്പെടുന്നു. മക്കളുടെ സംരക്ഷണത്തിനായി അമ്മയായ കുന്തീദേവി നിത്യവും ദുർഗ്ഗാദേവിയെ പ്രാർത്ഥിക്കുമായിരുന്നു. അങ്ങിനെ നിത്യപൂജയ്‌ക്കായി കുന്തി ഉണ്ടാക്കിയ വിഗ്രഹമാണ് ഇവിടുത്തേത്. ഇവിടുത്തെ കദളിപ്പഴ നേദ്യവും ചമയ വിളക്ക് വഴിപാടും ഏറെ പ്രശസ്തമാണ്.
നാലാം ഉത്സവമായ കുംഭ മാസത്തിലെ പൂരം നാളിൽ നടക്കുന്ന പൂരം ആറാട്ടോടെയാണ് പാണ്ഡവർ കാവ് ദേവീക്ഷേത്രത്തിൽ ഉത്സവം കൊട്ടിക്കയറുന്നത്. കുംഭമാസത്തിലെ പൊരിവേനലിൽ ഉത്സവകാലത്ത് ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് കുടി വെള്ളത്തിന് ഏറെ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യമുണ്ടായിരുന്നു. എം സി സി ഒരുക്കിയ പുതിയ വാട്ടർ ടാങ്കും, ഫിൽറ്റർ സൗകര്യവും വന്നതോടെ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് ഏറെ ആശ്വാസമുണ്ടാകും എന്ന ആശ്വാസത്തിലാണ് വിശ്വാസികൾ.