കണ്ണൂർ: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കനത്ത തോൽവിയെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. ഡൽഹിയിൽ നടന്ന എല്ലാ മീറ്റിംഗുകളിൽ നിന്നും ആളുകൾ മാറ്റം ആഗ്രഹിക്കുന്നുവെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നുവെന്ന് പ്രിയങ്ക പറഞ്ഞു. ഫലപ്രഖ്യാപനത്തിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
ഡൽഹിയിലെ ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്തു. വിജയിച്ചവർക്ക് എന്റെ അഭിനന്ദനങ്ങൾ. നമ്മളെ സംബന്ധിച്ചിടത്തോളം കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിയിരിക്കുന്നു. നിലപാടിൽ ഉറച്ചുനിൽക്കണം. ജനങ്ങളുടെ പ്രശ്‌നങ്ങളോട് പ്രതികരിക്കണമെന്നും പ്രിയങ്ക പറഞ്ഞു. റിസൾട്ട് നോക്കിയിട്ടില്ലെന്നും അതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നുമായിരുന്നു ഫലപ്രഖ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ പ്രിയങ്ക പറഞ്ഞത്.
അതേസമയം, ഡൽഹിയിൽ സമ്പൂർണ പരാജയം നേടിയ കോൺഗ്രസ് നേതാക്കൾ മാദ്ധ്യമങ്ങളുടെ മുന്നിൽ വരാതെ മറഞ്ഞിരിക്കുകയാണ്. വോട്ടെണ്ണൽ തുടങ്ങിയത് മുതൽ ഫലപ്രഖ്യാപനം വരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും എവിടെയും കണ്ടില്ല. കോൺഗ്രസിന് ഇത്തവണയും ഡൽഹിയിൽ അക്കൗണ്ട് തുറക്കാനായിട്ടില്ലെന്നത് പാർട്ടിക്ക് വൻ തിരിച്ചടിയാണ്.
അഴിമതിയെ തൂത്തെറിഞ്ഞ ജനവിധിയാണ് ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായത്. മദ്യകുംഭകോണ കേസിലെ പ്രതികളായ മുൻ മുഖ്യമന്ത്രിയും എഎപി സ്ഥാനാർത്ഥിയുമായ അരവിന്ദ് കെജരിവാളും മനീഷ് സിസോദിയയും ജനങ്ങൾക്ക് മുന്നിൽ കൂപ്പുകുത്തി.
അരവിന്ദ് കെജരിവാളിനെ പിന്നിലാക്കി ബിജെപി സ്ഥാനാർത്ഥി പർവേഷ് വർമയും മനീഷ് സിസോദിയയെ പിന്നിലാക്കി ബിജെപിയുടെ തർവിന്ദർ സിംഗും വിജയിച്ചു. കനത്ത പരാജയത്തിനിടെ എഎപിക്ക് ആശ്വാസമായി കൽക്കാജി മണ്ഡലത്തിൽ നിന്ന് മത്സരിച്ച അതിഷി മർലേന വിജയിച്ചു.