ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറപ്പിന്റെ വിജയമാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. പത്ത് വർഷത്തെ ദുർഭരണത്തിന് ശേഷം ആംആദ്മി പാർട്ടി ഡൽഹിയിൽ നിന്ന് തുടച്ചുനീക്കപ്പെടുകയാണെന്നും ജനങ്ങൾ സ്വയം തെരഞ്ഞെടുത്ത തീരുമാനമാണിതെന്നും പുഷ്കർ സിംഗ് ധാമി പറഞ്ഞു. ഡൽഹി ഫലപ്രഖ്യാപനത്തിന് പിന്നാലെ മാദ്ധ്യമങ്ങളോട് എക്സിൽ പങ്കുവച്ച കുറിപ്പിലാണ് ധാമി ഇക്കാര്യങ്ങൾ പറയുന്നത്.
“പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെയും ബിജെപി പ്രവർത്തകരുടെയും അക്ഷീണ പ്രയത്നത്തിന്റെ വിജയമാണ് ഡൽഹിയിലെ തെരഞ്ഞെടുപ്പ് ഫലം. ആംആദ്മി പാർട്ടിയെ ജനങ്ങൾ തള്ളിക്കളഞ്ഞു. ഡൽഹിയിൽ വികസനത്തിന്റെയും പൊതുജനക്ഷേമത്തിന്റെയും പുതിയ സൂര്യോദയം ഉണ്ടാകാൻ പോവുകയാണ്”.
“ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ ചരിത്ര വിജയത്തിന് ഡൽഹിയിലെ എല്ലാ പ്രവർത്തകർക്കും ജനങ്ങൾക്കും നന്ദി. പ്രധാനമന്ത്രിയുടെയും ബിജെപി നേതാക്കളുടെയും കഠിനാധ്വാനത്തിലൂടെ ഡൽഹിയിൽ വികസനത്തിന്റെ താമര വിരിഞ്ഞു. അഴിമതിയിൽ മുങ്ങിപ്പോയ ആംആദ്മി പാർട്ടി കേന്ദ്ര സർക്കാരിന്റെ നയങ്ങളെ അവഗണിച്ചു. ഈ ജനവിധി ഡൽഹിയുടെ സമഗ്രവികസനത്തിന് വഴിയൊരുക്കുമെന്നും” പുഷ്കർ സിംഗ് ധാമി കുറിച്ചു.















