മഹാ കുംഭമേള..
ഭക്തിയുടെ അനുഭൂതിയുടെ ആനന്ദത്തിന്റെ പാരമ്പര്യത്തിന്റെ സംസ്കാരത്തിന്റെ സംഗമമാണ്.
കുംഭമേള തുടങ്ങിയ സമയം മുതൽ അല്ലെങ്കിൽ അതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചപ്പോൾ മുതൽ പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു, പക്ഷേ യാതൊരുവിധത്തിലും അതിലുള്ള സാധ്യത ഇല്ലായിരുന്നു എന്നതാണ് യാഥാർത്ഥ്യം. അവിടെ നിന്നുള്ള ദൃശ്യങ്ങൾ വാർത്തകൾ വരുമ്പോൾ പോകാൻ വല്ലാതെ മനസ്സ് ആഗ്രഹിച്ചിരുന്നു, ഒടുവിൽ പലപ്പോഴും ജീവിതത്തിൽ സംഭവിക്കാറുള്ള അത്ഭുതം പോലെ ആ വിളിയെത്തി.
വൈകിട്ട് 7 മണിയോടെയാണ് പ്രയാഗ് രാജിൽ എത്തിയത്.പ്രയാഗ് രാജിന് കിലോമീറ്റർ മുൻപ് മുതൽ തന്നെ ചെറുപട്ടണങ്ങളും ഗ്രാമങ്ങളും എല്ലാം അണിഞ്ഞൊരുങ്ങിയിട്ടുണ്ട് ചുവർ ചിത്രങ്ങളും അലങ്കാര ദീപങ്ങളും തീർത്ഥാടകർക്ക് വഴികാട്ടികളാണ്, കൃത്യമായ ദിശ ബോർഡ് എല്ലായിടത്തും കാണാൻ സാധിക്കും, വഴികൾ ചേരുന്നിടത്തും പലതായി പിരിയുന്നിടത്തും പോലീസും സേവനത്തിനുണ്ട് വളരെ സൗമ്യമായാണ് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ പോലീസ് നൽകുന്നത്, ആരോടും തട്ടിക്കയറുന്നതോ മുഷിഞ്ഞ സംസാരിക്കുന്നതോ കണ്ടതേയില്ല, പ്രയാഗ് രാജ് നഗരത്തോട് അടുക്കുംതോറും തിരക്ക് വർദ്ധിച്ചുവരുന്നു. ഗംഗാതീരത്തോടെ അടുക്കുമ്പോഴേക്കും ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളുടെ കൂട്ടങ്ങൾ നമുക്കൊപ്പം ഒഴുകി ചേരും, കുംഭനഗരിക്ക് പുറത്താണ് താമസത്തിനുള്ള വ്യവസ്ഥ ലഭ്യമായത്, കുളികഴിഞ്ഞ് വേഷം മാറി ഒരു റിക്ഷക്കാരന്റെ സഹായത്തോടെ കുംഭ നഗരിക്ക് മറുകരയിൽ എത്തി എത്തിച്ചേരേണ്ട ലക്ഷ്യസ്ഥാനത്തിന്റെ ലൊക്കേഷൻ കയ്യിലുണ്ടായിരുന്നുവെങ്കിലും വെറുതെ നടക്കാനാണ് തീരുമാനിച്ചത്, സനാതന ധർമ്മത്തിന്റെ മഹാസംഗമം അങ്ങനെ നടന്നു തന്നെ കാണണം, വിവിധ സമ്പ്രദായങ്ങൾ പാരമ്പര്യങ്ങൾ എല്ലാം ഗംഗാമാതാവിന്റെ തീരത്ത് ഇഴുകിച്ചേർന്ന സംഗമിക്കുന്നു, നവയുഗ വിപ്ലവം പറയുന്ന മലയാളികളുടെ ചെറിയ മനസ്സിൽ യാഥാസ്ഥിതിയുടെ തുലാസിൽ വച്ച് എത്ര തൂക്കിയാലും ആ പൈതൃകത്തിന്റെ തട്ടിനെ അനക്കാൻ കഴിയില്ല, രാത്രി 9 മണിയോടെ ഗംഗ നദിയുടെ മടിത്തട്ടിലൂടെ നടന്നു തുടങ്ങി പലപ്പോഴും കേട്ടിട്ടുള്ള പല സന്യാസിമാരുടെയും ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന പർണശാലകൾ കാണാം ഒട്ടും പരിചിതമല്ലാത്ത ധാരാളം ചിത്രങ്ങളും കുടാരങ്ങളും നിരനിരയായി കണ്ണത്താ ദൂരത്തോളം പടർന്നു കിടക്കുന്നു. എല്ലായിടത്തുനിന്നും പലതരത്തിലുള്ള നാമജപങ്ങളും ഭജനയു ഉയരുന്നു കേൾക്കാം. എല്ലാ ഇടവും ഒരേപോലെ തോന്നുന്ന തരത്തിലാണ് പർണ്ണശാലകളുടെ നിർമ്മാണം,
ഉത്തർപ്രദേശ് സർക്കാർ മഹാകുംഭമേളക്കായി നടത്തിയ ഒരുക്കങ്ങളെകുറിച്ച് പറയാതെ വയ്യ. നാലായിരം ഹെക്ട്ർ സ്ഥലം ഒരു പൂർണ്ണനഗരം പോലെ ഒരുക്കി കുംഭനഗരിയാക്കി പ്രത്യേക ജില്ലാ പദവിയും നൽകി. ഈ നഗരിയെ 22 സെക്ടറുകൾ ആക്കി തിരിച്ചിരിക്കുന്നു. ഏതാനും ആഴ്ചകൾക്ക് മുൻപ് വരെ ഗംഗാനദി തുള്ളി തുളുമ്പി ഒഴുകിയ സ്ഥലമാണ് നഗരമായി മാറിയത്. നദിയിലെ പുതയുന്ന പുഴി മണ്ണിൽ ഉരുക്കുപാളികളും റബ്ബർ ഷീറ്റുകളും വിരിച്ചു വാഹന ഗതാഗതത്തിനായി 247 കിലോമീറ്റർ തത്കാലിക റോഡുകൾ ഉണ്ടാക്കിയിരിക്കുന്നത്. ഉരുക്കു പാളങ്ങളെ ബന്ധിപ്പിക്കുന്ന നട്ടുകളും, ബോൾട്ടുകളും കൃത്യമായ ഇടവേളകളിൽ പരിശോധിച്ചു മുറുക്കാനും, മണ്ണിൽ താഴുന്ന പാളങ്ങളെ ഉയർത്താനും ഇടതടവില്ലാതെ പണിയെടുക്കുന്ന തൊഴിലാളികൾ.
നാലര ലക്ഷം ശുചീകരണ തൊഴിലാളികൾ 8000 ഏരിയകളിലായി നിരന്തരം ശുചികരണം നടത്തുന്നു.
വൃത്തി അത് എടുത്ത് പറയേണ്ട ഒന്നാണ്, ഒരിടത്തും മാലിന്യ കൂമ്പാരമൊ ദുർഗന്ധവും കാണാനില്ല, ഒരു ഐസ്ക്രീം മേടിച്ചാൽ പോലും അതിന്റെ കവർ അപ്പോൾ തന്നെ നമ്മുടെ കയ്യിൽ തിരികെ വാങ്ങുന്ന ശുചീകരണ തൊഴിലാളികൾ ഒരു പേപ്പർ കഷ്ണം താഴെ വീണാൽ അപ്പോൾ എടുക്കാൻ തയ്യാറായി നിൽക്കുന്നു അതുതന്നെയാവും ഈ കുംഭമേളയുടെ ഹൈലൈറ്റ്.
ഗംഗയെയും, യമുനയെയും മുറിച്ചു കടക്കാൻ 22 താത്കാലിക പാലങ്ങൾ. 100 മെയിൻ ആശുപത്രികൾ, 11 ആശുപത്രികൾ പല സെക്ടറുകളിൽ, പത്തു ഹെൽത്ത് പോസ്റ്റുകൾ, 25 ഫസ്റ്റ് എയ്ഡ് സ്ഥലങ്ങൾ. 3000 എഐ ക്യാമറകൾ നഗരിയെ മുഴുവൻ സമയം നിരീക്ഷിക്കും, ആകാശത്തും വെള്ളത്തിലും എല്ലാം യുപി പോലീസിന്റെയും കേന്ദ്രസേനകളുടെയും കമന്റോ നിരീക്ഷണം,
അയോധ്യ ക്ഷേത്രത്തിന്റെയും തിരുപ്പതി ക്ഷേത്രത്തിന്റെയും മാതൃകയും പത്തുകോടി രുദ്രാക്ഷം കൊണ്ട് തീർത്ത ജ്യോതിർലിംഗങ്ങളും കുംഭ നഗരിയിൽ പുതിയ അനുഭവം നൽകുമെന്നതിൽ സംശയമില്ല, പുലർച്ചെ നാലുമണിവരെ കുഭ നഗരിയിലൂടെ അലഞ്ഞുതിരിഞ്ഞു നടന്നു, സനാതനധർമ്മത്തിന്റെ വൈവിധ്യ സംഗമം നേരിട്ട് അറിയാൻ സാധിച്ച നടപ്പായിരുന്നു അത്,
പുലർച്ചെ അഞ്ചുമണിയോടെയാണ് ഉറങ്ങാനായി കിടക്കാൻ കഴിഞ്ഞത് ക്ഷീണം നന്നായി ബാധിച്ചിരുന്നു എന്നാൽ രാവിലെ എഴുന്നേൽക്കാൻ അതൊരു തടസ്സമായില്ല എത്രയും വേഗം വീണ്ടും ഗംഗ മാതാവിന്റെ മടിത്തട്ടിലെക്ക് ഓടി എത്താനുള്ള വ്യഗ്രത ക്ഷീണത്തെയൊക്കെ കാറ്റിൽ പറത്തി, പക്ഷേ ഇന്നലെ രാത്രി പോയതുപോലെ എളുപ്പമായിരുന്നില്ല നേരം വെളുത്തു കഴിഞ്ഞപ്പോൾ നഗരിയിലേക്കുള്ള യാത്ര, പുലർച്ചെ നാലുമണിക്ക് കണ്ടതുപോലെ അല്ല എട്ടു മണിയായതോടെ ആ പട്ടണത്തിന്റെ രൂപവും ഭാവവും എല്ലാം മാറി ജനസാഗരമായി കഴിഞ്ഞു എല്ലാ വഴികളും, നടന്നു നീങ്ങാൻ പോലും കഴിയാത്ത അവസ്ഥ, നടന്നുപോയാൽ വൈകിട്ട് പത്തുമണി എങ്കിലും ആകും നിങ്ങൾ സംഗമസ്ഥാനത്ത് എത്താൻ എന്ന് പോലീസുകാർ മുന്നറിയിപ്പ് നൽകി എങ്ങനെ സംഗമസ്ഥാനത്തേക്ക് എത്തുമെന്ന് ആലോചിച്ചു നിന്നു, അപ്പോഴാണ് വീണ്ടും ഒരു റിക്ഷാക്കാരൻ രക്ഷകന്റെ വേഷത്തിൽ എത്തിയത്, അദ്ദേഹം വളരെ രഹസ്യം എന്നപോലെ പറഞ്ഞു നാഗ വാസുകി ക്ഷേത്രം വരെ അദ്ദേഹം എത്തിക്കാം, അത് ഗംഗയുടെ തീരത്താണ് അവിടെ നിന്ന് കാൽനടയായി അഞ്ച് കിലോമീറ്റർ നടന്നാൽ സംഗമസ്ഥാനത്ത് എത്താം അതല്ലാതെ മറ്റു മാർഗങ്ങൾ ഒന്നുമില്ല. മറ്റൊന്ന് ആലോചിക്കാതെ അദ്ദേഹത്തോടൊപ്പം റിക്ഷയിൽ കയറി.
ഊട് വഴികളിലൂടെയും വീടുകളുടെ പിന്നാമ്പുറം വഴിയും കഷ്ടിച്ച് ഒരു റിക്ഷക്ക് മാത്രം കടന്നു പോകാൻ മാത്രം കഴിയുന്ന ഇടങ്ങളിലൂടെ എല്ലാം റിക്ഷ ഓടിച്ച് ഒടുവിൽ ക്ഷേത്രത്തിന് കുറച്ചു പിറകിലായി പോലീസ് ബാരിക്കേഡിന് സമീപം അദ്ദേഹം ഞങ്ങളെ ഇറക്കി, പണം നൽകിയെങ്കിലും അത് വാങ്ങാൻ കൂട്ടാക്കാതെ നമസ്തേ ജി പറഞ്ഞ് അദ്ദേഹം പോയി, സവാരി പോകുമോ എന്ന് ചോദിച്ചാൽ പോലും കാശു വാങ്ങുന്ന ആളുകളുടെ നാട്ടിലാണ് ഇത്ര ബുദ്ധിമുട്ടിയിട്ടും പണം വാങ്ങാതെ നമസ്തേ മാത്രം നൽകി മടങ്ങിയത് പലപ്പോഴും അങ്ങനെയണ് പലതിനും നമുക്ക് വ്യക്തത കിട്ടണമെന്നില്ലല്ലോ.
റിക്ഷ ഇറങ്ങിയിടത്തുനിന്ന് നദിയുടെ മറുകരയിലെത്തണം അതൊരു വലിയ ടാസ്ക് ആയിരുന്നു കിലോമീറ്റർ അപ്പുറത്ത് പല വർണ്ണത്തിലുള്ള കൂടാരങ്ങളും കൊടിക്കൂറകളും പാറിക്കളിക്കുന്നത് കാണാം കാറ്റിൽ മലയോളം ഉയരത്തിൽ പൂഴിയും ഉയരുന്നുണ്ട്, പ്രത്യേകിച്ചൊരു ലക്ഷ്യസ്ഥാനം ഇല്ലാത്തതുകൊണ്ട് നടക്കാൻ തന്നെ തീരുമാനിച്ചു, താൽക്കാലിക പാലങ്ങളും റോഡുകളും പിന്നിട്ട ഗംഗാനദിയെ പലതവണ മുറിച്ചു കിടന്ന് കുംഭനഗരിയുടെ ആവേശതലേക്ക് ഞങ്ങൾ ഇറങ്ങി.
അപ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ഫോൺകോൾ ഞങ്ങളെ തേടിയെത്തിയത്, ഞാൻ ഗുരു സ്ഥാനിയനും വഴികാട്ടിയുമായി കാണുന്ന വ്യക്തിയുമായി ബന്ധപ്പെട്ട വിളിയായിരുന്നു അത്. അതും മറ്റൊരാത്ഭുതം, അദ്ദേഹം ഉള് സെക്ടറും മറ്റു വിവരങ്ങളും കൈമാറി അങ്ങോട്ടേക്ക് വരൂ എന്ന നിർദ്ദേശവും, സെക്ടർ കണ്ടുപിടിക്കുക എന്നത് തന്നെ വലിയൊരു കടമ്പ ആയിരുന്നു, ഏകദേശം ഒരു ധാരണ വെച്ച നടന്നു. കൈയിലെ സ്മാർട്ട് വാച്ചിൽ നടന്ന ദൂരം 14 കിലോമീറ്റർ എന്ന കാണിച്ചപ്പോഴാണ് നടത്തം അവസാനിപ്പിച്ചത്. പക്ഷേ അദ്ദേഹം ഉള്ള ലൊക്കേഷൻ കണ്ടെത്താൻ അപ്പോഴും കഴിഞ്ഞില്ല, അദ്ദേഹത്തെ കാണാതെ മടങ്ങുക എന്നത് മനസ്സിൽ വല്ലാത്ത ഒരു ഭാരം തരും എന്നതിൽ സംശയമുണ്ടായിരുന്നില്ല, വീണ്ടും മണിക്കൂറുകളോളം പലയിടങ്ങളിലായി നടന്നു, ആ അലഞ്ഞു തിരിയലിൽ എന്താണ് കുംഭമേള എന്ന് ചെറിയ രീതിയിൽ എങ്കിലും മനസ്സിലാക്കാൻ കഴിഞ്ഞു. വിവിധ സമ്പ്രദായങ്ങൾ, വിവിധ പാരമ്പര്യങ്ങൾ ,വിവിധ മഠങ്ങൾ ഇവയെല്ലാം നേരിട്ട് കാണാൻ കഴിഞ്ഞ നടത്തം, പക്ഷേ എന്തിനുവേണ്ടിയാണോ നടക്കാൻ തുടങ്ങിയത് ആ ലക്ഷ്യം പൂർത്തീകരിക്കാതെ മടങ്ങേണ്ടി വരുമല്ലോ എന്ന ദുഃഖം വല്ലാതെ ബാധിച്ചു തുടങ്ങി, ഏറെക്കുറെ ആ മേഖല പൂർണമായും നടന്നു കഴിഞ്ഞപ്പോഴാണ് ഫോണിൽ ഒരു മെസ്സേജ് വരുന്നത്. ഒരു അടയാളം പറഞ്ഞു അത് നോക്കിപ്പോരു എന്നതായിരുന്നു ആ സന്ദേശം ഞങ്ങൾ തളർന്നുനിന്നിടത്തിന് സമീപം തന്നെ, ഒരുപക്ഷേ കുംഭനഗരി മുഴുവൻ കണ്ടോട്ടെ എന്ന് അദ്ദേഹം വിചാരിച്ചിട്ടുണ്ടാവും, അതും മറ്റൊരു ഭാഗ്യം, ഒടുവിൽ ആ പാദങ്ങളിൽ ശിരസ് നമിച്ചപ്പോൾ അതുവരെ നടന്ന ക്ഷീണം ഗംഗയിൽ ലയിച്ച പോലെ…
വിശന്നു തളർന്ന ഞങ്ങളെ ഭക്ഷണം കഴിക്കാൻ കുട്ടി, കണ്ടെത്താൻ പറ്റുമെന്ന് ഞങ്ങൾക്ക് ഒരു ഉറപ്പുമുണ്ടായിരുന്നില്ല എന്നാൽ ഞങ്ങൾ എത്തുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നതുകൊണ്ടാവാം ഉച്ചഭക്ഷണ സമയം കഴിഞ്ഞ് മണിക്കൂറുകൾ ആയട്ടും ഭക്ഷണം കഴിക്കാതെ ഒരുമിച്ച് കഴിക്കാനായി കാത്തിരുന്നു.
ഭക്ഷണം കഴിച്ച് കുറെയധികം സംസാരിച്ചു, അവസാനം ജനം ഓൺലൈനു വേണ്ടി നടത്തിയ ഒരു ഇൻറർവ്യൂനെപ്പറ്റിയും അദേഹത്തിന് അഭിപ്രായം ഉണ്ടായിരുന്നു, ഇത്രത്തോളം ചേർത്ത് പിടിക്കുന്ന അദ്ദേഹത്തിന്റെ പദത്തിൽ വീണ്ടും ശിരസ് നമിച്ചു യാത്ര ചോദിച്ച് ഇറങ്ങി, തിരക്കിനിടയിൽ ഏഴു കിലോമീറ്റർ നടക്കണം തിരികെ താമസസ്ഥലത്ത് എത്താൻ, ആ നടത്തം ചെന്നെത്തിയത് സംഗമ സ്ഥാനത്ത്, അതും ഒരു നിമിത്തമാകാം അങ്ങനെ അമൃത പുണ്യത്തിന്റെ അനുഗ്രഹം സംഗമ സ്ഥാനത്ത് മുങ്ങി നിവർന്ന് വീണ്ടും നടന്നു കഷായ വസ്ത്രധാരികൾക്ക് ഇടയിലൂടെ ,വസ്ത്രം ധരിക്കാത്തവരുടെ ഇടയിലൂടെ ദേഹമാസകലം ഭസ്മം പൂശിയവരുടെ, ആളുകൾക്കിടയിലൂടെ നടന്നു..
ഒരു പുത്തൻ ഊർജം ഉള്ളി എവിടെയോ മിന്നതുപോലെ തോന്നി..
ഒരുപക്ഷേ മഹാ കുംഭമേളയുടെ നഗരിയിൽ ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും നടന്ന മലയാളികൾ മറ്റാരും ഉണ്ടാവാൻ ഇടയില്ല..
കഴിയുമെങ്കിൽ ഇവിടേക്ക് വരണം, അറിയണം, അനുഭവിക്കണം. ഇനി നിങ്ങൾക്ക് വിമർശിക്കാൻ ആണെങ്കിൽ പോലും ഇവിടെ വന്ന് ഈ അനുഭൂതി അനുഭവിച്ച് വിമർശിക്കൂ..















