സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സനാതനധർമ വിരുദ്ധ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ പി ശശികല ടീച്ചർ. എം വി ഗോവിന്ദന് സനാതനധർമത്തെ കുറിച്ച് മാത്രമല്ല, യാതൊന്നും അറിയില്ലെന്ന് ശശികല ടീച്ചർ പറഞ്ഞു. വിഷയത്തിൽ ജനംടിവിയോട് സംസാരിക്കുകയായിരുന്നു അവർ.
“എം വി ഗോവിന്ദന്റെ കൂടെ മാസ്റ്റർ എന്നൊരു വാല് കിടക്കുന്നുണ്ട്. പക്ഷേ നാല് ദിവസമെങ്കിലും ഒരു സ്കൂളിൽ കയറിയ പരിചയമുണ്ടെങ്കിൽ, അദ്ധ്യാപകൻ എന്ന അന്തസ്സുണ്ടെങ്കിൽ ഇതുപോലെ സംസാരിക്കില്ല. അദ്ദേഹത്തിന് ഒന്നും അറിയില്ല. വെറുമൊരു നാലാംകിട കമ്യൂണിസ്റ്റുകാരൻ. അതിനപ്പുറം ഒന്നുമല്ല. സമുദായങ്ങളെ തമ്മിൽ ഒത്തൊരുമിച്ച് കൊണ്ടുപോകേണ്ടത് രാഷ്‌ട്രീയക്കാരുടെ ഉത്തരവാദിത്തമാണ്. അതിന് പല മര്യാദകളും പാലിക്കേണ്ടതുണ്ട്. ആ മര്യാദകളെല്ലാം ലംഘിച്ചുകൊണ്ട് ഒരു മതവിഭാഗത്തിനെതിരെ നിരന്തരം ഇത്തരം അധിക്ഷേപങ്ങൾ നടത്തുന്നു”.
“സിപിഎം നടത്തുന്ന പരിപാടികൾ സനാതനധർമത്തെ നന്നാക്കാൻ വേണ്ടിയാണോ. ആരോ എഴുതിവച്ച വിഡ്ഢിത്തങ്ങൾ സാമാന്യവത്കരിച്ചുകൊണ്ട് ഇത്തരത്തിൽ അപമാനിക്കാൻ ആരാണ് ഗോവിന്ദന് അധികാരം നൽകിയത്. എല്ലാ മതങ്ങളെയും നന്നാക്കാനുള്ള ഉത്തരവാദിത്തം ഉണ്ടെങ്കിൽ, ഇന്ന് മതം പഠിപ്പിക്കുന്നത് മുസ്ലീങ്ങളും ക്രിസ്ത്യാനിയുമാണ്. അതിനെ പറ്റി എന്തെങ്കിലും എവിടെയെങ്കിലും ഒരു കാര്യം പറയുന്നുണ്ടോ. കാരണം അദ്ദേഹത്തിന് ഭയമുണ്ട്. ഹിന്ദുക്കളെ എന്ത് പറഞ്ഞാലും കൈയ്ക്കും കഴുത്തിനും ഒന്നും സംഭവിക്കില്ലെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. ആ വിശ്വാസം ഉള്ളതുകൊണ്ട് പല ജൽപ്പനങ്ങൾ നടത്തും”.
അദ്ദേഹം ഒരു കോമാളി ആയിരിക്കാം. പക്ഷേ ജനങ്ങളെ കൂടി കോമാളിയാക്കാൻ നോക്കരുത്. സനാതനധർമത്തെ തകർക്കാൻ ശതകോടികൾ ഒഴുകുന്നുണ്ട്. അത് വാങ്ങി പോക്കറ്റിൽ വച്ചിട്ടുണ്ടെങ്കിൽ അതിനുള്ള വിധേയത്വമാണ് ഗോവിന്ദൻ കാണിക്കുന്നത്. പണം ഏതുവഴി വന്നാലും സിപിഎം നേതാക്കൾക്ക് കയ്‌ക്കില്ലെന്നും ശശികല ടീച്ചർ പറഞ്ഞു.















