കടലൂർ: വെള്ളമെന്നുകരുതി കുപ്പിയിലിരുന്ന ഡീസൽ കുടിച്ച ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ കടലൂരിലാണ് സംഭവം. വടലൂര്‍ നരിക്കുറവര്‍ കോളനി സ്വദേശികളായ സ്നേഹ,സൂര്യ ദമ്പതിമാരുടെ മകൾ മൈഥിലിക്കാണ് ജീവൻ നഷ്ടമായത്. അടുക്കളയിൽ കളിക്കുകയായിരുന്ന കുഞ്ഞ് വിറക് കത്തിക്കാൻ കുപ്പിയിൽ സൂക്ഷിച്ചിരുന്ന ഡീസൽ വെള്ളമെന്ന് കരുതി കുടിക്കുകയായിരുന്നു.
കുഞ്ഞിന്റെ അമ്മ അടുക്കളയിൽ ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് സംഭവം. കുഞ്ഞിന്റെ കയ്യിൽ ഡീസൽ കുപ്പി കണ്ടതോടെ ഇത് കുടിച്ചുണ്ടാകാമെന്ന് അമ്മയ്‌ക്ക് സംശയം തോന്നി. ഉടൻ തന്നെ കുഞ്ഞിനെ അടുത്തുള്ളുള്ള ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ് നൽകി. ഇവിടെ നിന്നും കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എന്നാൽ മെഡിക്കൽ കോളേജിൽ എത്തിച്ച ശേഷം മതിയായ ചികിത്സ ലഭിക്കാത്തതാണ് കുഞ്ഞ് മരിക്കാനിടയാക്കിയതെന്ന് കുടുംബം ആരോപിച്ചു. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ കടലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.















