ബസ്തർ: ഛത്തീസ്ഗഡിലെ ബിജാപൂരിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 31 ആയി. നേരത്തെ 12 പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിലെ വനമേഖലയിൽ നടന്ന നക്സൽ വിരുദ്ധ ഓപ്പറേഷന് പിന്നാലെയാണ് വൻ മാവോയിസ്റ്റ് വേട്ടയുണ്ടായത്.
ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇന്ദ്രാവതി ദേശീയോദ്യാനത്തിന് സമീപമുള്ള വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഞായറാഴ്ച പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. വിവിധ സേനകൾ സംയുക്തമായി നടത്തിയ ഓപ്പറേഷനാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.
സംസ്ഥാന പൊലീസിന്റെ ജില്ലാ റിസർവ് ഗാർഡിലുള്ള ഉദ്യോഗസ്ഥനും പ്രത്യേക ടാസ്ക് ഫോഴ്സിലെ അംഗവുമാണ് ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.