ലാഹോർ: ചാമ്പ്യൻസ് ട്രോഫിക്ക് തയാറെടുക്കുന്ന പാക് ടീമിന് സ്വന്തം നാട്ടിൽ ഇതിലും വലിയ നാണക്കേട് വരാനില്ല. കഴിഞ്ഞ ദിവസം നടന്ന ത്രിരാഷ്‌ട്ര ടൂർണമെന്റിലെ ആദ്യമത്സരത്തിൽ ന്യൂസിലൻഡിനോട് ദയനീയ തോൽവി ഏറ്റുവാങ്ങിയ പാകിസ്താനെ വിറപ്പിച്ചത് ന്യൂസിലൻഡ് താരം ഗ്ലെൻ ഫിലിപ്‌സാണ്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലൻഡ് ഫിലിപ്സിന്റെ വെടിക്കെട്ടിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 330 റൺസ് അടിച്ചെടുത്തു. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്റെ പോരാട്ടം 47.5 ഓവറിൽ 252 റൺസിന് അവസാനിച്ചു.
അവസാന ഓവറുകളിൽ കത്തിക്കയറിയ ഗ്ലെൻ ഫിലിപ്സിന്റെ മാസ്മരിക ബാറ്റിംഗ് പ്രകടനത്തിനാണ് കഴിഞ്ഞ ദിവസം ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മൂന്ന് ഓവറുകൾ ശേഷിക്കെ 259 റൺസിലായിരുന്ന ന്യൂസിലൻഡിന്റെ സ്കോർ 50 ഓവർ പൂർത്തിയായപ്പോൾ 330 ലെത്തി. അവസാന നാലോവറുകളിൽ നേടിയത് 71 റൺസ്. ഇതിൽ പകുതിയും പിറന്നത് ഫിലിപ്സിന്റെ ബാറ്റിൽ നിന്നാണ്. പാകിസ്താന്റെ ലോകോത്തര പേസർമാരായ ഷഹീൻ അഫ്രിദിയുടെയും നസീം ഷായുടെയും പന്തുകൾ ന്യൂസിലൻഡ് ബാറ്റർ തുടരെ ബൗണ്ടറി പായിച്ചു.
46 ഓവർ പൂർത്തിയാകുമ്പോൾ 54 പന്തിൽ 48 റൺസാണ് ഫിലിപ്സ് നേടിയത്. പിന്നാലെ അർദ്ധസെഞ്ച്വറി നേടിയ താരത്തിന് അത് സെഞ്ച്വറിയാക്കാൻ വേണ്ടി വന്നത് വെറും 17 പന്തുമാത്രം. 50 ഓവർ പൂർത്തിയാക്കുമ്പോൾ ഗ്ലെൻ ഫിലിപ്സ് 74 പന്തിൽ 106 റൺസുമായി പുറത്താകാതെ നിന്നു. നസീം ഷാ എറിഞ്ഞ 19–ാം ഓവറിൽ 17 റൺസും അഫ്രീദി എറിഞ്ഞ അവസാന ഓവറിൽ രണ്ട് ഫോറും രണ്ട് സിക്‌സും സഹിതം 25 റൺസും പിറന്നു. ആകെ ആറ് ഫോറും ഏഴ് സിക്‌സും അടങ്ങുന്നതാണ് ഫിലിപ്സിന്റെ ഇന്നിംഗ്‌സ്.
GLENN PHILIPS SHOW AT LAHORE….!!
– Philips smashed Hundred from just 72 balls against Pakistan in Pakistan 🔥⚡ pic.twitter.com/YnGqsULtsL
— Johns. (@CricCrazyJohns) February 8, 2025















