മുംബൈ: ഡൽഹിയെ ഞെട്ടിച്ച ശ്രദ്ധ വാൽക്കർ കൊലപാതകത്തിൽ മകൾക്ക് വേണ്ടി പോരാടിയ ശ്രദ്ധ വാൽക്കറുടെ പിതാവ് വികാസ് വാൽക്കർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം.
മകളുടെ നീതിക്കായി അവസാന ശ്വാസം വരെ പോരാടിയ വ്യക്തിയായിരുന്നു വികാസ്. കേസന്വേഷണം നടക്കുന്നതിനാൽ മകളുടെ അന്ത്യകർമങ്ങൾ നിർവഹിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഇത് തീരദുഃഖമായി തുടരുന്നതിനിടെയാണ് വികാസിന്റെ അപ്രതീക്ഷിത മരണം.
2022 മെയ് 18-നാണ് ഡൽഹിയിലെ മെഹ്‌റൗളിയിൽ ശ്രദ്ധ വാൽക്കർ കൊല്ലപ്പെട്ടത്. ലിവ്-ഇൻ പങ്കാളിയായ അഫ്താബ് അമിൻ പൂനാവാലയാണ് ശ്രദ്ധയെ കൊലപ്പെടുത്തിയത്. ഇരുവരും മെഹ്‌റൗളിയിലെ ഒരു വാടക വീട്ടിൽ താമസിച്ചുവരുന്നതിനിടെയാണ് കൊലപാതകം.
ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം 35 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു. കഴിഞ്ഞ വർഷം നവംബർ 12-ന് ഡൽഹി പൊലീസ് അഫ്താബിനെ അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് ശ്രദ്ധ വാൽക്കറിന്റെ കൊലപാതകത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തറിയുന്നത്.















