സെയ്ഫ് അലി ഖാനും കുടുംബത്തിനും ഒരിക്കലും മറക്കാനാകാത്ത രാത്രിയായിരിക്കും ജനുവരി 16ന് കഴിഞ്ഞുപോയത്. മോഷ്ടാവിന്റെ കുത്തേറ്റ് ചോരയിൽ കുളിച്ചുനിൽക്കുന്ന സെയ്ഫിനെ കണ്ട് മകൻ തൈമൂർ അമ്പരന്നുപോയിരുന്നു. അച്ഛൻ മരിച്ചുപോകുമോ? എന്നായിരുന്നു 8 വയസുകാരനായ തൈമൂറിന്റെ ചോദ്യം. ഇല്ലെന്ന് സെയ്ഫ് മറുപടി നൽകുകയും ചെയ്തു. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് സെയ്ഫ് ഇക്കാര്യം പങ്കുവച്ചത്.
അക്രമിയുമായി മൽപ്പിടുത്തം കഴിഞ്ഞ് അയാളെ മുറിയിൽ പൂട്ടി പുറത്തിറങ്ങിയപ്പോൾ ആദ്യം കരുതിയത് കള്ളൻ കുടുങ്ങിയെന്നാണ്. പിന്നീടാണ് മനസിലായത് അവൻ രക്ഷപ്പെട്ടുവെന്ന്. ശരീരമാകെ വേദനിക്കുന്നതിനാൽ എവിടെയൊക്കെ പരിക്കേറ്റെന്ന് അപ്പോൾ മനസിലായില്ല. കരീനയും വീട്ടുജോലിക്കാരും ചേർന്ന് മക്കളെയെടുത്ത് എനിക്കൊപ്പം താഴേക്കിറങ്ങി. അതിനിടെ വീട്ടിൽ അലങ്കാരത്തിനായി വച്ചിരുന്ന രണ്ടുവാളുകൾ ഞാൻ കയ്യിലെടുത്തു. അക്രമി രക്ഷപ്പെട്ടോ, ഇനിയും വരുമോ, ഒന്നിലേറെ പേരുണ്ടാകുമോ എന്ന് അറിയാത്തതിനാൽ വാളുമായി താഴേക്ക് നടന്നു. ചോരയിൽ കുളിച്ച് വാളേന്തി വരുന്ന എന്നെയാണ് തൈമൂർ കണ്ടത്. സിനിമാസ്റ്റൈലിലുള്ള രംഗം. മകനാകെ അമ്പരന്നു.
കള്ളനെ പിടിക്കണമെന്ന് ഞാൻ പറഞ്ഞപ്പോൾ കരീന പറഞ്ഞു, നമുക്ക് ഇവിടെ നിന്ന് എത്രയും വേഗം രക്ഷപ്പെടണമെന്ന്, ഒപ്പം എന്നെ ആശുപത്രിയിലെത്തിക്കണമെന്നും. പുറത്തിറങ്ങി കരീന വാഹനം തേടി. ഓട്ടോ, കാബ് തുടങ്ങി എന്തെങ്കിലുമൊന്ന് നിർത്താൻ അവൾ ഉറക്കെ വിളിച്ചു. എനിക്ക് ശരീരമാകെ വേദന തോന്നുന്നുണ്ടായിരുന്നു. എന്റെ പിറകിൽ എന്തോ ഒന്ന് ഇരിക്കുന്നുണ്ടെന്നും മനസിലായി. കാൽ തരിച്ചതുപോലെ തോന്നി. നട്ടെല്ലിന് സമീപം കത്തി ഇരുന്നതിനാലാകാം അത്. ഓട്ടോ കിട്ടയിതിന് ശേഷം എന്നോട് ആശുപത്രിയിലേക്ക് പോകാൻ കരീന പറഞ്ഞു. ജേയെ (ഇളയമകൻ) സുരക്ഷിതമാക്കാൻ അവൾ സഹോദരിയുടെ വീട്ടിലേക്ക് പോയി. ( 4 വയസുള്ള ജേയുടെ മുറിയിലായിരുന്നു കള്ളനുണ്ടായിരുന്നത്). എനിക്കൊപ്പം ആശുപത്രിയിലേക്ക് വരാൻ തൈമൂർ ഉണ്ടായിരുന്നു. അവൻ എന്റെ കൂടെ വേണമെന്ന് എനിക്ക് തോന്നി. അതുതന്നെയാകാം കരീനയും ചിന്തിച്ചത്. എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ കൂടെ തൈമൂർ ഉണ്ടാകണമെന്ന് മനസിലുണ്ടായിരുന്നു. അപ്പോഴാണ് തൈമൂർ എന്നോട് ചോദിക്കുന്നത്, അച്ഛൻ മരിച്ചു പോകുമോയെന്ന്.. ഇല്ലെന്ന് പറഞ്ഞ് ഞാൻ അവനെ ആശ്വസിപ്പിച്ചു. – സെയ്ഫ് അലി ഖാൻ പറഞ്ഞു നിർത്തി.















