ലക്നൗ: യുവാവിനെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കിയ സംഭവത്തിൽ 5 പേർ അറസ്റ്റിൽ. മതപണ്ഡിതരടക്കമുള്ളവരാണ് അറസ്റ്റിലായത്. യുപിയിലാണ് സംഭവം. നിർബന്ധിത മതപരിവർത്തന നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. ബിജ്നൂർ ജില്ലയിലെ ധംപൂർ ടൗണിലുള്ള 21-കാരിയായ മുസ്ലീം യുവതിയെ വിവാഹം കഴിക്കുന്നതിന് മുന്നോടിയായി യുവാവിന്റെ മതംമാറ്റാൻ ശ്രമിക്കുകയായിരുന്നു.
24-കാരനായ മുകുളിനെയാണ് മതം മാറ്റാൻ ശ്രമിച്ചത്. യുവാവിന്റെ പിതാവ് ജസ്വന്ത് സിംഗ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടപടിയെടുക്കുകയായിരുന്നു. മൗലവിമാരായ ഖാരി ഇർഷാദ്, ഗുർഫാൻ എന്നിവരും യുവതിയുടെ മാതാപിതാക്കളായ മുഹമ്മദ് ഷാഹിദ്, രുക്സാന ബീഗം എന്നിവരുമാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മുകുൾ സിംഗിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചതായി കീരത്പൂർ എസ് എച്ച് ഒ രാകേഷ് കുമാർ അറിയിച്ചു.