യൂട്യൂബർ രൺവീർ അലഹബാദിയ നടത്തിയ അശ്ലീല തമാശ വിവാദമായതിന് പിന്നാലെ നടപടിയുമായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ. വീഡിയോ എത്രയും വേഗം നീക്കം ചെയ്യണമെന്നാണ് നിർദേശം. India’s Got Latent ഷോയിൽ രൺവീർ പറയുന്ന വിവാദ പരാമർശം വരുന്ന വീഡിയോയാണ് നീക്കം ചെയ്യേണ്ടത്. യൂട്യൂബിൽ വീഡിയോ വൻ തോതിൽ പ്രചരിക്കുന്ന സാഹചര്യത്തിലാണ് നിർദേശം. അശ്ലീല പരാമർശം സംബന്ധിച്ച് യോഗേന്ദ്ര സിംഗ് താക്കൂർ എന്നയാൾ കമ്മീഷനെ സമീപിച്ചിരുന്നു. യോഗേന്ദ്രയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാണ് കമ്മീഷന്റെ നടപടി.
കൊമേഡിയൻ സമയ് റൈനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച India’s Got Latent എന്ന പരിപാടിക്കിടെയാണ് യൂട്യൂബർ രൺവീർ അലഹബാദിയയുടെ വിവാദ പരാമർശമുണ്ടായത്. തീർത്തും ആക്ഷേപകരവും അനുചിതവും അശ്ലീലവുമായ പരാമർശമാണിതെന്ന് മനുഷ്യാവകാശ കമ്മീഷന് ലഭിച്ച പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതേതുടർന്നാണ് യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് തുടങ്ങിയ മാദ്ധ്യമങ്ങളിൽ നിന്ന് പ്രസ്തുത വീഡിയോ ഉള്ളടക്കം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത്.
മാതാപിതാക്കൾ ശാരീരികബന്ധത്തിലേർപ്പെടുന്നത് സംബന്ധിച്ച് രൺവീർ തമാശരൂപേണ നടത്തിയ പരാമർശം അശ്ലീലമായി മാറുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ക്ഷമാപണവുമായി യൂട്യൂബർ രംഗത്തെത്തി. തനിക്ക് തെറ്റുസംഭവിച്ചെന്നും ഒരിക്കലും പറയാൻ പാടില്ലാത്ത വാക്കുകളാണ് പ്രയോഗിച്ചതെന്ന് മനസിലാക്കുന്നതായും രൺവീർ പറഞ്ഞു. ഇനിയാവർത്തിക്കില്ലെന്നും യൂട്യൂബർ ഉറപ്പുനൽകി.















