പത്തനംതിട്ട: സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിൽ സർക്കാർ ജീവനക്കാർക്ക് കടുത്ത അവഗണനയെന്ന് എൻ. ജി. ഒ. സംഘ്. 2024 ജൂലൈ മുതൽ ലഭിക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണവും, 19% ക്ഷാമബത്ത കുടിശ്ശികയും, പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ബജറ്റ് പ്രഖ്യാപനത്തിൽ ഉണ്ടാകുമെന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജീവനക്കാരെ ധനമന്ത്രി നിരാശപ്പെടുത്തിയിരിക്കുകയാണെന്ന് കേരള എൻ. ജി. ഒ. സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാജേഷ് പറഞ്ഞു. ബജറ്റ് അവഗണനയ്‌ക്കെതിരെ കേരള എൻ. ജി. ഒ. സംഘ് പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
19 ശതമാനം ക്ഷാമബത്ത കുടിശ്ശിക നിലവിലുള്ളപ്പോൾ ഒരു ഗഡു മാത്രം പ്രഖ്യാപിച്ച് പൊതുജന സമൂഹത്തെ കബളിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് ധനമന്ത്രി നടത്തിയിരിക്കുന്നത്. അഞ്ച് വർഷം മുൻപ് നടപ്പിലാക്കിയ പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശ്ശിക നൽകുമെന്ന് നേരത്തെ പറഞ്ഞ അതേ വാഗ്ദാനം ബജറ്റിൽ വീണ്ടും ആവർത്തിച്ചിരിക്കുകയാണ്. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന 2016 ലെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാതെ വഞ്ചനാപരമായ നിലപാടാണ് ഇടതുമുന്നണി സർക്കാർ തുടരുന്നത്. നരേന്ദ്രമോദി സർക്കാർ ആദായനികുതി പരിധി 7 ലക്ഷത്തിൽ നിന്ന് 12 ലക്ഷം രൂപയായി ഉയർത്തി സർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ള ശമ്പള വരുമാനക്കാർക്ക് ഏറെ ആശ്വാസം പകരുമ്പോൾ പിണറായി സർക്കാർ സംസ്ഥാനത്തെ സർക്കാർ ജീവനക്കാരെ പൂർണ്ണമായി അവഗണിച്ചിരിക്കുകയാണെന്നും എസ്. രാജേഷ് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എൻ. ജി. ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ജി. അനീഷ്, ജില്ലാ സെക്രട്ടറി എം. രാജേഷ്, ജില്ലാ ട്രഷറർ പി. ആർ. രമേഷ്, വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സന്ധ്യ പി. എം. ജില്ലാ വൈസ് പ്രസിഡന്റ്‌മാരായ പ്രദീപ് ബി. പിള്ള, എൻ. രതീഷ് എന്നിവർ നേതൃത്വം നൽകി.















