എറണാകുളം: സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കോടതിയിൽ രഹസ്യ മൊഴി നൽകി നടി. ആലുവ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് നടി മൊഴി നൽകിയത്. തന്നെ അപമാനിച്ചുവെന്നും സ്ത്രീത്വത്തെ ആക്ഷേപിച്ചെന്നും കാണിച്ച് നടി നേരത്തെ പരാതി നൽകിയിരുന്നു. സോഷ്യൽമീഡിയയിലൂടെ അപമാനിച്ചുവെന്നതാണ് പരാതി.
നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സനൽകുമാറിനായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സനൽകുമാർ നിലവിൽ അമേരിക്കയിലാണുള്ളത്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. സനൽകുമാറിനെ നാട്ടിലെത്തിക്കാൻ അമേരിക്കൻ എംബസിയുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്.
നേരത്തെയും സനൽകുമാറിനെതിരെ നടി പരാതി നൽകിയിരുന്നു. 2022-ൽ സനൽകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന് ശേഷവും ഇയാൾ സോഷ്യൽമീഡിയയിലൂടെ തന്നെ അപമാനിച്ചുവെന്നും ആക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റുകൾ പങ്കുവച്ചെന്നും നടി ആരോപിച്ചു.
അറസ്റ്റിന് പിന്നാലെ താൻ ഇനി ഇന്ത്യയിൽ നിൽക്കുന്നില്ലെന്നും തനിക്ക് സിനിമയിൽ അവസരം നഷ്ടപ്പെട്ടുവെന്നും സനൽകുമാർ പറഞ്ഞിരുന്നു. തുടർന്നാണ് ഇയാൾ അമേരിക്കയിലേക്ക് താമസം മാറിയത്.















