കൊച്ചി: പൊതുവഴി തടഞ്ഞ് സമ്മേളനം നടത്തിയതില്‍ ഹൈക്കോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ച് വിവിധ രാഷ്‌ട്രീയ നേതാക്കള്‍. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് നേതാക്കാള്‍ കോടതിയിൽ ബോധിപ്പിച്ചു.
സി.പി.എം നേതാവും മുന്‍ സ്പീക്കറുമായ എം.വിജയകുമാര്‍, എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.ജോയി, വി.കെ പ്രശാന്ത്, ടി.ജെ വിനോദ് എം.എല്‍.എ , സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഐയുടെ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എന്നിവരാണ് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായത്.
ഇന്ന് ഹാജരാകേണ്ടിയിരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ സി.പി.എം തൃശ്ശൂര്‍ ജില്ലാ സമ്മേളനം നടക്കുന്നതിനാല്‍ അവധിക്ക് അപേക്ഷിച്ചിരുന്നു. ഗോവിന്ദനോട് 12-ാം തിയ്യതി വൈകുന്നേരം നാല് മണിക്ക് നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിരിക്കുന്നു.
സ്റ്റേജ് കെട്ടാനുള്ള സ്ഥലമല്ല റോഡ് എന്ന് കോടതി വ്യക്തമാക്കി.റോഡിലല്ല പൊതുയോഗങ്ങളും സമരങ്ങളും നടത്തേണ്ടതെന്ന് കോടതി ഓര്‍മിപ്പിച്ചു. പ്രതിഷേധവും സമരവും നടത്തുന്നതിന് ആരും എതിരല്ല. അത് പൊതുവഴി തടഞ്ഞും പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയും നടത്തുന്നത് അനുവദിക്കാന്‍ പറ്റില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പോലീസ് സത്യവാങ്മൂലങ്ങളിലുള്ള അതൃപ്തിയും കോടതി പ്രകടമാക്കി.
കേസ് മാര്‍ച്ച് മൂന്നിന് വീണ്ടും പരിഗണിക്കുമ്പോള്‍ നേതാക്കള്‍ ഇനി നേരിട്ട് ഹാജരാകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, എസ്.മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്.
സി.പി.ഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗണ്‍സില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സ്ഥാപിച്ച ഫ്‌ളെക്‌സ്, കൊച്ചി കോര്‍പറേഷന് മുന്നിലെ കോണ്‍ഗ്രസ് സമരം, വഞ്ചിയൂരില്‍ റോഡ് കൊട്ടിയടച്ച സി.പി.എം ഏരിയ സമ്മേളനം തുടങ്ങിയവ ഹൈക്കോടതി ഉത്തരവുകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി എടുത്ത കോടതിയലക്ഷ്യ കേസിലാണ് നേതാക്കള്‍ ഹാജരായത്.















