തിരുവനന്തപുരം: വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ വിപണിയിലെത്തുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായുള്ള സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ ഓപ്പറേഷന് സൗന്ദര്യയുടെ മൂന്നാംഘട്ടം ആരംഭിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ 101 സ്ഥാപനങ്ങളിൽ പരിശോധന നടത്തുകയും 12 സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കുകയും ചെയ്തതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സ്ഥാപനം അടത്തുന്നതിനുള്ള മതിയായ ലൈസൻസ് രേഖകളോ കോസ്മെറ്റിക്സ് റൂള്‍സ് 2020 പ്രകാരമുള്ള മാനദണ്ഡങ്ങളോ പാലിക്കാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾക്കെതിരെയാണ് കേസെടുത്തത്.
ലിപ്സ്റ്റിക്, ഫേസ് ക്രീം, ബേബി പൗഡർ, ബേബി സോപ്പ്, ബേബി ഓയിൽ, തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ചത്. പരിശോധനയിൽ ഗുണനിലവാരമില്ലാത്ത ഒന്നര ലക്ഷത്തിലധികം രൂപയുടെ കോസ്‌മെറ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. 59 സാമ്പിളുകൾ ലാബ് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. ഇവയുടെ ഫലങ്ങൾ ലഭിക്കുന്നതിന് അനുസരിച്ച് നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യകത്മാക്കി. ആദ്യ രണ്ട് ഘട്ടങ്ങളിൽ നടത്തിയ പരിശോധനകളിൽ സൗന്ദര്യ വർദ്ധകവസ്തുക്കളിൽ ശരീരത്തിന് ദോഷകരമാകുന്ന അളവിൽ രാസവസ്തുക്കൾ ചേർത്തിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.
രണ്ട് ഘട്ടങ്ങളിലായി 7 ലക്ഷത്തിലധികം രൂപ വിലവരുന്ന കോസ്‌മെറ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുക്കുകയും 33 സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു. ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളിൽ ഉയർന്ന അളവിൽ മെർക്കുറി കണ്ടെത്തിയിരുന്നു. ഇവ ആന്തരിക അവയവങ്ങളുടെ പ്രവർത്തനങ്ങൾ അടക്കം തകരാറിലാകാൻ കാരണമായേക്കാം.















