സോഷ്യൽമീഡിയയിൽ വളരെ സജീവമായ സെലിബ്രിറ്റി ദമ്പതികളാണ് വിജയ് മാധവും ദേവിക നമ്പ്യാരും. ഗായകനായ വിജയ് മാധവും നടിയായ ദേവികയും തങ്ങളുടെ വിവാഹജീവിതത്തിലെ നിമിഷങ്ങൾ യൂട്യൂബിലൂടെ പങ്കുവെക്കാറുമുണ്ട്. ആദ്യ മകന് ആത്മജ എന്ന് പേരിട്ടതും രണ്ടാമത്തെ മകൾക്ക് ഓം പരമാത്മ എന്ന പേരുനൽകിയതും ദമ്പതികൾക്ക് നേരെ വിമർശനമുണ്ടാക്കിയിരുന്നു. നെഗറ്റീവ് കമന്റുകൾ വർദ്ധിച്ചപ്പോൾ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ദേവികയും വിജയ് മാധവും.
ദമ്പതികൾ വീഡിയോയിൽ പറയുന്നത്..
ദേവികയുടെ അനുവാദമില്ലാതെയല്ല മക്കൾക്ക് പേരിട്ടത്. എന്തൊരു ചെറിയൊരു കാര്യം ചെയ്യുമ്പോഴും ദേവികയോട് പറഞ്ഞ് അനുവാദം വാങ്ങിയതിന് ശേഷമാണ് ഞാൻ ചെയ്യാറുള്ളത്. ഞാനൊരു നാർസിസ്റ്റ് അല്ല. ഓം പരമാത്മ.. പ്രശ്നം ഈ പേരാണ്. ഞാൻ പറയുന്ന കാര്യങ്ങളെല്ലാം എനിക്ക് ബോധ്യമുള്ളതാണ്. അത് മറ്റുള്ളവർ പിന്തുടരണമെന്നല്ല പറയുന്നത്. ഒരുപാട് പവറുള്ള പേരാണ് ഓം പരമാത്മ. ആ പവർ കുട്ടിക്ക് കൂടി പകർന്നുലഭിക്കട്ടെയെന്ന കാഴ്ചപ്പാടിലാണ് ആ പേരിടുന്നത്. അതല്ലാതെ കുഞ്ഞ് വളർന്നുവലുതാകുമ്പോൾ സന്യാസിയാകണം എന്ന് കരുതിയിട്ടല്ല. കുട്ടികൾ രണ്ടുപേരും വലുതായി കഴിഞ്ഞാൽ ഈ പേരുകൾ മാറ്റണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയാണെങ്കിൽ അതുതടയുന്ന അച്ഛനല്ല ഞാൻ. ദേവികയെ ഞാൻ അടിമയാക്കി വച്ചിരിക്കുകയാണ്, ദേവികയുടെ വാക്കുകൾക്ക് വില നൽകുന്നില്ല, നാർസിസിസ്റ്റ് ഡിസോർഡറാണ്, വട്ടനാണ്, പൊട്ടനാണ്, മുഴുപ്രാന്തനാണ്, സൈക്കോപാത്ത് ആണ്, സ്വന്തം മക്കൾക്ക് മോശം പേരുനൽകി അവരെ ചീത്തകേൾപ്പിക്കാൻ വേണ്ടി ശ്രമിക്കുകയാണ് എന്നെല്ലാമാണ് ജനങ്ങൾ പറയുന്നത്. എന്നാൽ ഞാനൊരു നാർസിസ്റ്റ് അല്ല.
ഞങ്ങളുടെ മോൾക്ക് ഇട്ട പേര് ഇഷ്ടപ്പെടാത്തവർ ക്ഷമിക്കുക, ഇതിന്റെ ശരിയും തെറ്റും കാലം തെളിയിക്കുമായിരിക്കും. എല്ലാവർക്കും നന്മകൾ നേരുന്നു. ഇനിയും പൊങ്കാല ഇടാൻ നിൽക്കുന്നവരോട് പറയാനുള്ളത്, എന്നെ എന്തും പറഞ്ഞോളൂ, കുഞ്ഞിനെയും ദേവികയേയും ദയവുചെയ്തു ഒഴിവാക്കാൻ ശ്രമിക്കുക – വിജയ് മാധവ് പറഞ്ഞു.
നമ്മുടെ ലൈഫിലെ പത്തോ, പതിനഞ്ചോ മിനിറ്റ് മാത്രം കാണുന്നവരാണ് പ്രേക്ഷകർ, അതുകൊണ്ട് തെറ്റിദ്ധരിക്കുന്നതാകാം എന്നുകരുതി. പക്ഷെ ഇനിയും ഇത് പറയാതെ പറ്റില്ല. ഞാൻ ആരുടേയും അടിമയായി ജീവിക്കുന്നയാളല്ല. ഫൈനാഷ്യലി ഇൻഡിപെൻഡന്റ് ആയ വ്യക്തിയാണ്. എന്റെ ഭർത്താവും അങ്ങനെ തന്നെ. ഞങ്ങളുടെ ലൈഫിലെ ചെറിയ തീരുമാനമാണെങ്കിൽ പോലും എന്നോട് ചോദിച്ച് ഞാനുമായി ചർച്ച ചെയ്തതിന് ശേഷമേ എന്റെ ഭർത്താവ് അത് ചെയ്യാറുള്ളൂ. ഇന്നേവരെ ഒരുകാര്യത്തിനും എന്നെ ഇൻസിസ്റ്റ് ചെയ്തിട്ടില്ല. മാത്രവുമല്ല ഈ ജീവിതത്തിൽ വളരെയധികം സന്തോഷവതിയാണ് ഞാൻ. എല്ലാ സൗഭാഗ്യങ്ങൾക്കും ദൈവത്തോട് നന്ദി പറഞ്ഞാണ് ജീവിക്കുന്നത്. വിവാഹം കഴിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞു. എന്റെ ഭർത്താവ് സൈക്കോ ആണെങ്കിൽ എങ്ങനെ അദ്ദേഹത്തിനൊപ്പം 24*7 ജീവിക്കാൻ എനിക്ക് സാധിക്കും. അങ്ങനെ എല്ലാം സഹിച്ചും ക്ഷമിച്ചും നിൽക്കുന്നയാളല്ല ഞാൻ. എനിക്കതിന്റെ ആവശ്യവുമില്ല. എന്റെ ഭർത്താവ് അന്ധവിശ്വാസി അല്ല. അങ്ങനെയായിരുന്നെങ്കിൽ ഞങ്ങളുടെ വിവാഹം നടക്കുമായിരുന്നില്ല. കാരണം ഞങ്ങളുടെ ജാതകങ്ങൾ തമ്മിൽ ചേരില്ലെന്നും ഒരു കാരണവശാലും വിവാഹം കഴിക്കരുതെന്നുമാണ് പറഞ്ഞിരുന്നത്. അദ്ദേഹം അന്ധവിശ്വാസി ആയിരുന്നെങ്കിൽ എന്നെ വിവാഹം കഴിക്കുമായിരുന്നോ?- ദേവിക ചോദിച്ചു.















