പ്രയാഗ് രാജ്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മഹാകുംഭമേളയിൽ പുണ്യസ്നാനം ചെയ്തു. മാഘപൗർണ്ണമി ദിനമായ ഇന്ന് രാവിലെയാണ് അദ്ദേഹം ഗംഗാ സ്നാനം ചെയ്തത്. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ സ്നാന ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
മുദ്രാ ധാരിയായി പ്രാർത്ഥന നടത്തിയ കെ സുരേന്ദ്രൻ, ജലതർപ്പണവും നിർവഹിച്ചു.

മാഘ പൂർണിമ ദിനത്തിൽ ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് കുംഭമേളയിൽ പങ്കെടുക്കാനെത്തിയത്. വിശേഷ ദിനത്തിൽ വിപുലമായ ഒരുക്കങ്ങളാണ് പ്രയാഗ്‌രാജിൽ ഭക്തർക്കായി സജ്ജമാക്കിയിരുന്നത്. രാവിലെ ആറ് മണിമുതൽ ആരംഭിച്ച പുണ്യ സ്നാനത്തിലും പൂജ ചടങ്ങുകളിലും 73 ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തു എന്നാണ് കണക്കുകൾ.
മാഘി പൂർണിമ സ്നാനത്തോടെ ഒരു മാസം നീണ്ടുനിന്ന കൽപ്പവാസും അവസാനിക്കും. ഇതോടെ ഏകദേശം 10 ലക്ഷം കൽപ്പവാസികൾ മഹാ കുംഭമേളയിൽ പങ്കെടുത്ത് മടങ്ങും. രാവിലെ 6 മണിയോടെ, 10 ലക്ഷം കൽപവാസികൾ ഉൾപ്പെടെ 73.60 ലക്ഷം ആളുകൾ ത്രിവേണി സംഗമത്തിലും മറ്റ് ഘട്ടുകളിലും ആചാര സ്‌നാനം ചെയ്തതായി ഉത്തർപ്രദേശ് സർക്കാരിന്റെ പ്രസ്താവനയിൽ പറഞ്ഞു. ഫെബ്രുവരി 26 ന് മഹാശിവരാത്രി ദിനത്തിലെ ‘അമൃത് സ്നാന’ത്തോടെ മഹാ കുംഭമേള സമാപിക്കും.















