പ്രയാഗ്രാജിലെ മഹാകുംഭമേളയ്‌ക്കിടെ വൈറലായ മൊണാലിസ ബോൺസ്ലേ കോഴിക്കോട് എത്തുന്നു. ഫെബ്രുവരി 14 ന് ചെമ്മണ്ണൂരിലാണ് പെൺകുട്ടി എത്തുന്നത്. ബോബി ചെമ്മണ്ണൂരിനൊപ്പമാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. നിങ്ങൾ എന്നെ കാണാൻ വരില്ലേയെന്ന് ചോദിച്ച് കൊണ്ടുള്ള മൊണാലിസയുടെ വീഡിയോ ബോബി ചെമ്മണ്ണൂരാണ് പങ്കുവെച്ചിരിക്കുന്നത്. ബൊച്ചയ്‌ക്കൊപ്പം കുംഭമേള വൈറൽ ഗേൾ എന്ന തമ്പ്നൈയിലോടെയാണ് വീഡിയോ.
മാല വിൽപ്പനയ്‌ക്കായാണ് മൊണാലിസയും കുടുംബവും പ്രയാഗ്രാജിൽ എത്തിയത്. ഇതിനിടെ അപ്രതീക്ഷിതമായി പെൺകുട്ടിയുടെ നിഷ്കളങ്കമായ പുഞ്ചിരിയും നീലക്കണ്ണുകളും ഏതോ വ്ലോഗറുടെ ക്യാമറയിൽ പതിഞ്ഞു. ഇതോടെ മൊണാലിസ സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്നു. ഓൺലൈനിൽ ആരാധകർ ‘ബ്രൗൺ ബ്യൂട്ടി’ എന്നാണ് പെൺകുട്ടിക്ക് നൽകിയ പേര്. പെൺകുട്ടിയുടെ വീഡിയോ രണ്ട്കോടിയിലധികം പേരാണ് കണ്ടത്. ദേശീയ- പ്രാദേശിക മാദ്ധ്യമങ്ങളിലും മൊണാലിസ വാർത്തയായി. വ്ലോഗർമാരും ക്യാമറകളും പിന്തുടർന്നതൊടെ പെൺകുട്ടിയെ പിതാവ് ഗ്രാമത്തിലേക്ക് തിരിച്ചയച്ചിരുന്നു.
അടുത്തിടെ പെൺകുട്ടിക്ക് ബോളിവുഡിൽ നിന്നും ക്ഷണം ലഭിച്ചിരുന്നു. പ്രശസ്ത സംവിധായകൻ സനോജ് മിശ്രയുടെ ‘ഡയറി ഓഫ് മണിപ്പൂർ’ ചിത്രത്തിലൂടെയാണ് മൊണാലിസയുടെ ബോളിവുഡ് അരങ്ങേറ്റം. മദ്ധ്യപ്രദേശിലെ ഖർഗോണിലുള്ള മൊണാലിസയുടെ വീട്ടിൽ എത്തിയാണ് സംവിധായകൻ ആദ്യ സിനിമയുടെ കരാർ ഒപ്പുവെച്ചത്. മൊണാലിസയുടെ വേഷം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.















