ലക്നൗ: മഹാകുംഭമേളയുടെ മാഘ പൂർണിമ ദിനത്തോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ പ്രത്യേക യോഗം വിളിച്ചുചേർത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാഘ പൂർണിമ നാളിൽ ത്രിവേണീ സംഗമത്തിൽ സ്നാനം ചെയ്യുന്നതിനായി ലക്ഷക്കണക്കിന് തീർത്ഥാടകരാണ് പ്രയാഗ് രാജിലേക്ക് എത്തുന്നത്. തിരക്ക് വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് അടിയന്തരമായി യോഗം ചേർന്നത്.
മാഘ പൂർണിമയുടെ ഭാഗമായി പ്രയാഗ്‌രാജിൽ എല്ലാ സുരക്ഷാ മുന്നൊരുക്കങ്ങളും നടത്തണമെന്നും തിരക്കേറിയ പ്രദേശങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നിലവിലുള്ള സുരക്ഷാ മുൻകരുതലുകളെ കുറിച്ച് അദ്ദേഹം ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു.
ഡിജിപി, പ്രിൻസിപ്പൽ സെക്രട്ടറി, സംസ്ഥാന സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പുലർച്ചെ നടത്തിയ യോഗത്തിൽ വിവിധ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ചുള്ള നിർദേശങ്ങൾ മുഖ്യമന്ത്രി മുന്നോട്ടുവച്ചു. ഭക്തർക്ക് യാതൊരു അസൗകര്യങ്ങളും ഉണ്ടാകരുതെന്നും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി കർശന നിർദേശം നൽകിയിട്ടുണ്ട്.
തിരക്ക് കൂടിയ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും അടിസ്ഥാനസൗകര്യങ്ങളും മുഖ്യമന്ത്രി വിലയിരുത്തി. നേരത്തെ വസന്തപഞ്ചമി നാളിലും മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചിരുന്നു.















