തൊഴിലിടങ്ങളിലെ ജോലി സമയം വർദ്ധിപ്പിക്കുന്നതിനെച്ചൊല്ലി ഇന്ത്യയിൽ ചൂടുപിടിച്ച ചർച്ചകൾ തുടരുമ്പോൾ എങ്ങനെയെല്ലാം ഒരു കമ്പനിക്ക് തൊഴിലാളി സൗഹൃദമാകാം എന്ന് കാണിച്ചുതരുന്നതാണ് ജപ്പാനിലെ ഒരു തൊഴിലിടം. ജീവനക്കാരുടെ സംതൃപ്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്തിനായി വ്യത്യസ്തമായ ഒരു സമീപന സ്വീകരിച്ചിരിക്കുകയാണ് ഈ കമ്പനി.
ഫ്രീയായി മദ്യവും അടിച്ച് ഫിറ്റായാൽ ഹാങ്ഓവർ മാറാൻ ലീവും. ഇതാണ് കമ്പനിയുടെ ഓഫർ. ജപ്പാനിലെ ഒസാക്കയിലുള്ള ഒരു ചെറിയ ടെക് കമ്പനിയായ ട്രസ്റ്റ് റിംഗ് കമ്പനി ലിമിറ്റഡാണ് പുതിയ ജീവനക്കാരെ ആകർഷിക്കാൻ ഈ ഓഫർ മുന്നോട്ടുവച്ചിരിക്കുന്നത്. കമ്പനിയുടെ സിഇഒ തന്റെ പുതിയ ജീവനക്കാർക്ക് മദ്യം വിളമ്പുകയും അവർക്കൊപ്പമിരുന്ന് മദ്യപിക്കുകയും ചെയ്യും. അടിച്ച് ഫിറ്റായവർക്ക് വിശ്രമം ആവശ്യമാണെങ്കിൽ 2-3 മണിക്കൂർ ‘ഹാങ്ങ്ഓവർ ലീവ്’ നൽകും. സൗഹൃദപരമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
ശമ്പളം കൂട്ടി നൽകുക എന്ന പതിവ് രീതിയിൽ നിന്നും വ്യത്യസ്തമായി എന്ത് ചെയ്യാൻ കഴിയുമെന്ന ചിന്തയാണ് കമ്പനിയുടെ ഈ ഓഫറിന് പിന്നിൽ. ചിലർക്ക് സാമ്പത്തിക പ്രതിഫലത്തേക്കാൾ ആകർഷകമായി തോന്നുന്നത് മദ്യമാണെന്നും സിഇഒ പറയുന്നു. മാത്രമല്ല ജീവനക്കാരെ എല്ലാ ദിവസവും ജോലിസ്ഥലത്തേക്ക് വരാൻ ഇത് പ്രേരിപ്പിക്കുമെന്നും കമ്പനി അധികൃതർ കണ്ടെത്തി.