ഹരിപ്പാട്: സുബ്രഹ്മണ്യ സ്വാമി ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയ ഹരിപ്പാട് MLA രമേശ് ചെന്നിത്തലയുടെ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്നലെ തൈപ്പൂയത്തിനോടനുബന്ധിച്ച് ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്ക് എം എൽ എ നടത്തിയ കാവടി എടുക്കലിലാണ് അനുഷ്ഠാന ലംഘനമുണ്ടായത്.
തൈപ്പൂയ ദിവസം തന്റെ ഒരു അനുയായിയോടൊപ്പം കാവടി എടുത്ത് ക്ഷേത്രത്തെ ലക്ഷ്യമാക്കി നടന്നു നീങ്ങുന്ന രമേശ് ചെന്നിത്തലയുടെ വീഡിയോ ഇൻറർനെറ്റിൽ പ്രചരിച്ചിരുന്നു. “ഹരിപ്പാട് സുബ്രമണ്യ സ്വാമി ക്ഷേത്രത്തിൽ കാവടി എടുത്തു…പുലർച്ചെ മേൽശാന്തി മഠത്തിൽ നിന്നും എണ്ണ കാവടി നിറച്ച് സുബ്രഹ്മണ്യസ്വാമിക്ക് അഭിഷേകം നടത്തി…” എന്നുമുള്ള തലക്കെട്ടോടെ ചെന്നിത്തല തന്നെ ഈ വീഡിയോ സ്വന്തം പ്രൊഫൈലിൽ പങ്കുവെക്കുകയും ചെയ്തു.

എന്നാൽ വെളുത്ത മുണ്ടും തോളിൽ അതേ നിറത്തിലുള്ള രണ്ടാം മുണ്ടും ധരിച്ചാണ് രമേശ് ചെന്നിത്തല കാവടി എടുത്തത്. തൈപ്പൂയത്തോടനുബന്ധിച്ച് കാവടി എടുക്കുന്ന സ്വാമിമാർ പാലിക്കേണ്ട വൃതാനുഷ്ഠാനങ്ങൾ സംബന്ധിച്ചുള്ള മാനദണ്ഡങ്ങളിൽ കാഷായ വേഷം ധരിക്കണമെന്നു വ്യക്തമായി പറയുന്നുണ്ട്. നിശ്ചിത ദിവസം വ്രതമെടുത്ത ശേഷം വേണം കാവടി എടുക്കുവാൻ. വ്രത സമയത്ത് സന്യാസ തുല്യമായ ജീവിതം നയിക്കണമെന്നുള്ളതിനെ പ്രതീകപ്പെടുത്തിയാണ് കാവടി സ്വാമിമാർ കാവി വസ്ത്രം ധരിക്കുന്നത്. ക്ഷേത്രോപദേശക സമിതിയും ദേവസ്വം ബോർഡും തന്ത്രിമാരും ആചാര്യന്മാരും നൽകിയിട്ടുള്ള വ്രത നിർദേശങ്ങളിൽ കവി വസ്ത്രം ധരിക്കണമെന്ന് എടുത്ത് പറഞ്ഞിട്ടുമുണ്ട്. ചെന്നിത്തല തന്നെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അദ്ദേഹം ഒഴികെ മറ്റെല്ലാ കാവടി സ്വാമിമാരും കാവി വസ്ത്രം ധരിച്ചാണ് എത്തിയിട്ടുള്ളത് എന്ന് വ്യക്തമാണ്.
കാവടി വ്രതമെടുക്കുന്നവർ വ്രത ദിവസങ്ങളിൽ പഞ്ചഗവ്യം സേവിക്കണമെന്നും സുബ്രമണ്യ സ്വാമി ക്ഷേത്ര ദർശനം നടത്തണമെന്നും നിർബന്ധമാണ്. ഈ കാലയളവിൽ സന്യാസവും ബ്രഹ്മചര്യവും അത്യന്താപേക്ഷിതമാണ്. എന്നാൽ വ്രതകാലയളവിൽ എം എൽ എ ക്ഷേത്ര ദർശനത്തിനായി എത്തിയത് കണ്ട ഭക്തർ ആരും തന്നെയില്ല. ക്‌ളീൻ ഷേവ് ചെയ്തു കാവടി എടുത്ത രമേശ് ചെന്നിത്തല വ്രത നിയമങ്ങളും ലംഘിച്ചതായി വ്യക്തമാണ്.
സംസ്ഥാനത്തെ വോട്ടു ബാങ്കുകളെ തൃപ്തിപ്പെടുത്താനാണ് രമേശ് ചെന്നിത്തല കാവി വസ്ത്രമുപേക്ഷിച്ച് വെള്ള വസ്ത്രം ധരിച്ചതെന്നു വ്യാപകമായ ആക്ഷേപമുണ്ട്. കാവടിയോടനുബന്ധിച്ചുള്ള അനുഷ്ഠാനം ലംഘിച്ച രമേശ് ചെന്നിത്തല ഹരിപ്പാട് എം എൽ എ ആയിരിക്കാൻ യോഗ്യനല്ലെന്നു നിരവധിപേരാണ് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്.















