തൃശൂർ: അതിരപ്പിള്ളിയിൽ സ്റ്റാഫ് ക്വാർട്ടേഴ്സ് തകർത്ത് കാട്ടാനക്കൂട്ടം. കല്ലാല എസ്റ്റേറ്റ് ഡിവിഷനിലാണ് കാട്ടാന ആക്രമണമുണ്ടായത്. ക്വാർട്ടേഴ്സിലെ ഭിത്തിയും വാതിലും തർത്താണ് കാട്ടാനകൾ ക്വാർട്ടേഴ്സിനുള്ളിലേക്ക് കടന്നത്. ഇന്നലെ രാത്രിയാണ് സംഭവം. ക്വാർട്ടേഴ്സിൽ ആളില്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായതെന്ന് നാട്ടുകാർ പറയുന്നു.
ക്വാർട്ടിഴ്സിനുള്ളിൽ ഉണ്ടായിരുന്ന എല്ലാ വസ്തുക്കളും പൂർണമായും തകർത്തു. അടുത്തിടെ ക്വാർട്ടേഴ്സിന് സമീപത്ത് വച്ച് കാട്ടാന ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
അതിരപ്പിള്ളിയിലെ ജനവാസ മേഖലയിലേക്ക് ആനകൾ കൂട്ടമായി എത്തുന്നത് പതിവാണ്. കാട്ടാനശല്യത്തിൽ നിരവധി പരാതികൾ നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.
കാട്ടാനകൾ റോഡിലേക്ക് ഇറങ്ങുന്നത് വിനോദസഞ്ചാരികളുടെ ജീവനും ആപത്താണ്. കാട്ടാനശല്യം പരിഹരിക്കാൻ സർക്കാരും വനംവകുപ്പും വേണ്ട നടപടികൾ കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.















