നടൻ രജനികാന്തിനെതിരെ അധിക്ഷേപ പരാമർശവുമായി സംവിധായകൻ രാം ഗോപാൽ വർമ. സത്യ എന്ന ചിത്രത്തിൽ മനോജ് ബാജ്പേയിയുടെ അഭിനയത്തെ താരതമ്യം ചെയ്തായിരുന്നു രാം ഗോപാൽ വർമയുടെ പരാമർശം.
രജനികാന്ത് നല്ല നടനാണോ എന്ന കാര്യത്തിൽ തനിക്ക് സംശയമുണ്ടെന്നും സിനിമകളിൽ സ്ലോമോഷൻ ടെക്നിക് ഇല്ലെങ്കിൽ പിന്നെ അദ്ദേഹവുമില്ലെന്നും രാം ഗോപാൽ വർമ ആരോപിച്ചു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ അധിക്ഷേപ പരാമർശം നടത്തിയത്.
“അഭിനയവും താരങ്ങളും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. രജനികാന്ത് നല്ലൊരു നടനാണോയെന്ന് എനിക്ക് അറിയില്ല. സത്യയിൽ മനോജ് ബാജ്പേയ് ചെയ്തപോലെയൊരു കഥാപാത്രം രജനികാന്തിന് ചെയ്യാൻ സാധിക്കുമെന്ന് തോന്നുന്നില്ല. സിനിമയിൽ സ്ലോ മോഷൻ ഇല്ലെങ്കിൽ രജനികാന്തിന് നിലനിൽപ്പില്ലെന്നും” രാം ഗോപാൽ വർമ പറഞ്ഞു.
രാം ഗോപാൽ വർമ സംവിധാനം ചെയ്ത് 1998-ൽ പുറത്തിറങ്ങിയ ചിത്രമാണ് സത്യ. ചിത്രത്തിൽ ഭിഖു മാതൈ എന്ന കഥാപാത്രത്തെയാണ് മനോജ് ബാജ്പേയ് അവതരിപ്പിച്ചത്. നിരവധി അവാർഡുകൾ നേടിയ ചിത്രത്തിലെ മനോജ് ബാജ്പേയുടെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു.