പ്രയാഗ്‌രാജ്: 2025 ലെ മഹാകുംഭമേള അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, ലോകമെമ്പാടുമുള്ള വിദേശ ഭക്തരുടെയും സംഗമ വേദി കൂടിയായി പ്രയാഗ്‌രാജ് മാറി. കുംഭമേള ജീവിതത്തിലെ തന്നെ മഹത്തായ അനുഭമാണെന്ന് അവർ പറയുന്നു. മാഘ പൂർണിമ ദിനമായ ഇന്ന് രാവിലെ മാത്രം 70 ലക്ഷത്തിലധികം ഭക്തജനങ്ങളാണ് ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്തത്.
ബെൽജിയത്തിൽ നിന്നുള്ള തീർത്ഥാടകനായ എഡ്വേർഡ് കുംഭമേളയെ ലോകത്തിലെ ഏറ്റവും മികച്ച സ്ഥലമെന്ന് വിശേഷിപ്പിച്ചു. “മഹാകുംഭമേളയിലെ അനുഭവം മനോഹരവും അതിശയകരവുമാണ്. ജനക്കൂട്ടവും ആളുകളും വളരെ സൗഹൃദപരമാണ്. ലോകത്തിലെ ഏറ്റവും മികച്ച സ്ഥലമാണിത്,” അദ്ദേഹം പറഞ്ഞു.
ഫ്രാൻസിൽ നിന്നുള്ള മറ്റൊരു ഭക്തനും തന്റെ അനുഭവങ്ങൾ പങ്കുവച്ചു. “ഞാൻ ഫ്രാൻസിൽ നിന്നാണ് ഇവിടെ വന്നത്. അത്ഭുതകരമായ സ്ഥലമാണിത്… ഇവിടെ കാണുന്നതെല്ലാം അതിശയകരമായ കാഴ്ചകളാണ്… ഞങ്ങൾ ബാബമാരെ കാത്തിരിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.
മുൻപ് ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്‌സിന്റെ ഭാര്യയടക്കമുള്ളവർ മഹാകുംഭമേളയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയിരുന്നു. ഹൈന്ദവ പാരമ്പര്യത്തിൽ ആകൃഷ്ടയായ അവർ കമല എന്നപേരിൽ സന്യാസ ദീക്ഷയും സ്വീകരിച്ചിരുന്നു.
അതേസമയം മാഘപൂർണിമയുടെ ഭാഗമായി വിപുലമായ ഒരുക്കങ്ങളാണ് വിവിധ ഘട്ടുകളിൽ ഒരുക്കിയിരിക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി പ്രദേശം വാഹന നിരോധന മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അടിയന്തര വാഹനങ്ങൾക്ക് മാത്രം കടന്നുപോകാൻ അനുമതി നൽകിയിട്ടുണ്ടെന്നും ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ വൈഭവ് കൃഷ്ണ പറഞ്ഞു.