ഹരിപ്പാട് : രമേശ് ചെന്നിത്തലയുടെ അനുഷ്ഠാന ലംഘനത്തിനെതിരെ കടുത്ത വിമർശനവുമായി ബിജെപി ദക്ഷിണമേഖലാ അദ്ധ്യക്ഷൻ കെ സോമൻ. ഹൈന്ദവരുടെ വിശിഷ്യ സുബ്രഹ്മണ്യ സ്വാമി ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയ രമേശ് ചെന്നിത്തല എം എൽ എ സ്ഥാനം രാജിവെക്കണമെന്ന് കെ സോമൻ ആവശ്യപ്പെട്ടു.
ഇതും വായിക്കുക
ഇന്നലെ തൈപ്പൂയത്തിനോടനുബന്ധിച്ച് ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്ക് എം എൽ എ നടത്തിയ കാവടി എടുക്കലിൽ അനുഷ്ഠാന ലംഘനമുണ്ടായിരുന്നു. വെളുത്ത മുണ്ടും തോളിൽ അതേ നിറത്തിലുള്ള രണ്ടാം മുണ്ടും ധരിച്ചാണ് രമേശ് ചെന്നിത്തല കാവടി എടുത്തത്. തൈപ്പൂയത്തോടനുബന്ധിച്ച് കാവടി എടുക്കുന്ന സ്വാമിമാർ പാലിക്കേണ്ട വൃതാനുഷ്ഠാനങ്ങൾ സംബന്ധിച്ചുള്ള മാനദണ്ഡങ്ങളിൽ കാഷായ വേഷം ധരിക്കണമെന്നു വ്യക്തമായി പറയുന്നുണ്ട്. നിശ്ചിത ദിവസം വ്രതമെടുത്ത ശേഷം വേണം കാവടി എടുക്കുവാൻ. വ്രത സമയത്ത് സന്യാസ തുല്യമായ ജീവിതം നയിക്കണമെന്നുള്ളതിനെ പ്രതീകപ്പെടുത്തിയാണ് കാവടി സ്വാമിമാർ കാവി വസ്ത്രം ധരിക്കുന്നത്. ക്ഷേത്രോപദേശക സമിതിയും ദേവസ്വം ബോർഡും തന്ത്രിമാരും ആചാര്യന്മാരും നൽകിയിട്ടുള്ള വ്രത നിർദേശങ്ങളിൽ കവി വസ്ത്രം ധരിക്കണമെന്ന് എടുത്ത് പറഞ്ഞിട്ടുമുണ്ട്. ചെന്നിത്തല തന്നെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അദ്ദേഹം ഒഴികെ മറ്റെല്ലാ കാവടി സ്വാമിമാരും കാവി വസ്ത്രം ധരിച്ചാണ് എത്തിയിട്ടുള്ളത് എന്ന് വ്യക്തമാണ്.

ഈ അവസരത്തിലാണ് രമേശ് ചെന്നിത്തല എം എൽ എ സ്ഥാനം രാജിവെക്കണം എന്ന ആവശ്യവുമായി കെ സോമൻ രംഗത്തെത്തിയത്.
“ഹരിപ്പാട് MLA രമേശ് ചെന്നിത്തല , ഹൈന്ദവരുടെ വിശിഷ്യ സുബ്രഹ്മണ്യ സ്വാമി ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തി. ക്ഷേത്രോപദേശക സമിതിയും ദേവസ്വം ബോർഡും തൈപ്പൂയത്തോടനുബന്ധിച്ച് കാവടി എടുക്കുന്ന സ്വാമിമാർ പാലിക്കേണ്ട വൃതാനുഷ്ടാനങ്ങൾ സംബന്ധിച്ച് വ്യക്തമായ മാനദണ്ഡങ്ങൾ പ്രസിദ്ധീകരിച്ചിട്ടും അത് ഒന്നു പോലും പാലിക്കാതെ ആചാരലംഘനം നടത്തിക്കൊണ്ട് ആയിരക്കണക്കിന് വിശ്വാസികളുടെ വികാരങ്ങളെ മുറിവേൽപ്പിച്ചിരിക്കുകയാണ് രമേശ് ചെന്നിത്തല. കാവി വസ്ത്രം ധരിച്ച് പിടിപ്പീലിയേന്തി 12 ദിവസത്തെ പഞ്ചഗവ്യം സേവിച്ച് ഭിക്ഷാടനം നടത്തി, അഹന്ത അകറ്റി വേണം കാവടി എടുക്കുവാൻ. രാഷ്‌ട്രീയ ദുഷ്ടലാക്കുള്ള ചെന്നിത്തല കാവിവസ്ത്രം ധരിച്ചാൽ ചില പ്രത്യേക മത വിഭാഗങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന ധാരണ കൊണ്ടാവാം മുഴുവൻ ആചാരങ്ങളും ലംഘിച്ചത്. കന്നിക്കാവടി എടുക്കുന്ന കാവടി സ്വാമിമാർ, കാവടി തലേന്ന് വരെയുള്ള 12 ദിവസങ്ങളിൽ ഗോമൂത്രവും ചാണകവും പാലും തൈരും നെയ്യും അടങ്ങുന്ന പഞ്ചഗവ്യം സേവിച്ചതിനു ശേഷമേ ജലപാനം ചെയ്യുവാൻ പാടുള്ളു എന്ന് നിർബന്ധമുണ്ട്. അദ്ദേഹം ഇതൊക്കെ പാലിച്ചിരുന്നോ? ആചാരലംഘനം നടത്തിയ MLA രമേശ് ചെന്നിത്തല രാജിവെയ്‌ക്കണം.” കെ സോമൻ ആവശ്യപ്പെട്ടു.















