മുംബൈ: റിയാലിറ്റി ഷോയ്‌ക്കിടെ അശ്ലീല പരാമർശം നടത്തിയ യൂട്യൂബർ രൺവീർ അലഹബാദിയക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് മുംബൈ പൊലീസ്. റിയാലിറ്റി ഷോയിൽ ജഡ്ജിംഗ് പാനലിലുണ്ടായിരുന്ന യൂട്യൂബർമാരായ സമയ് റൈന, അപൂർവ മഖിജ എന്നിവരെയും കേസിൽ പ്രതിചേർത്തു. റിയാലിറ്റി ഷോയിൽ പങ്കെടുത്ത അതിഥികൾ ഉൾപ്പെടെ 28 പേർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അശ്ലീല പരാമർശത്തിനെതിരെ ഐടി ആക്ട് പ്രകാരം മഹാരാഷ്‌ട്ര സൈബർ വകുപ്പ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പരാമർശം വിവാദമായതോടെ സോഷ്യൽമീഡിയയിലൂടെ വലിയ വിമർശനങ്ങളാണ് രൺവീറിനെതിരെ ഉയർന്നത്. തുടർന്ന് ഷോയുടെ 18 എപ്പിസോഡുകളും നീക്കം ചെയ്യണമെന്ന് സൈബർ വകുപ്പ് ആവശ്യപ്പെട്ടു.
വാക്കുകളിലൂടെയോ ആംഗ്യഭാഷകളിലൂടെയോ സ്ത്രീയെ അപമാനിക്കൽ, വിദ്വേഷം വളർത്തുന്ന സംസാരം, ഏതെങ്കിലും വ്യക്തിയുടെ മതവിശ്വാസങ്ങളെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന തരത്തിലുള്ള വാക്കുകൾ, പൊതുസ്ഥലത്തെ അശ്ലീല പരാമർശം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. റിയാലിറ്റി ഷോയിൽ പങ്കെടുത്ത എല്ലാവരുടെയും മൊഴി രേഖപ്പെടുത്തും.
അശ്ലീല പരാമർശം വിവാദമായതോടെ പ്രസ്തുത വീഡിയോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ രൺവീറിന് നോട്ടീസ് അയച്ചിരുന്നു. പിന്നാലെ രൺവീർ വീഡിയോ പിൻവലിക്കുകയും ചെയ്തു.