തിരുവനന്തപുരം: എറണാകുളത്തെ സിപിഎം നേതാവ് എം. ഇ ഹസൈനാർ കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ച് പിടിക്കാൻ വഖ്ഫ് ബോർഡിനെ വെല്ലുവിളിച്ച് ബിജെപി നേതാവ് ഷോൺ ജോർജ്.
കളമശ്ശേരി മുൻസിപ്പാലിറ്റിയിൽ താമസിക്കുന്ന സിപിഎം നേതാവ് എം. ഇ ഹസൈനാറിന്റെ 1.14 ഏക്കർ സ്ഥലം യഥാർത്ഥ വഖ്ഫാണ്. ഹസൈനാറിന്റെ ഉമ്മയുടെ ബാപ്പ രേഖാമൂലം വഖ്ഫിന് നൽകിയതാണ് ഈ സ്വത്ത്. ഈ പ്രൊപ്പർട്ടിയാണ് മക്കളും കൊച്ചുമക്കളും കൈവശം വച്ച് അനുഭവിച്ച് പോരുന്നത്. 2016ൽ വഖ്ഫ് ബോർഡിന് അനുകൂലമായി ഹൈക്കോടതി വിധിയുമുണ്ടായി.
മുനമ്പത്തുകാരുടെ ആകെ വസ്തുവിന്റെ വില വരും കളമശ്ശേരി നഗരത്തിൽ കിടക്കുന്ന കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള ഈ ഭൂമിക്ക്. മുനമ്പത്തുകാരെ ഇറക്കിവിടുന്നതിനൊപ്പം ഇവരെയും ഇറക്കി വിടണമെന്ന് ഷോൺ ജോർജ് ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള 30 ഓളം കേസുകളുടെ വിവരങ്ങൾ തന്റെ പക്കലുണ്ടെന്നും ഷോൺ ജോർജ് ജനം ഡിബേറ്റിൽ പറഞ്ഞു.
കേന്ദ്രസർക്കാർ കൊണ്ടുവരുന്ന നിയമങ്ങളിൽ വർഗീയ മുതലെടുപ്പിനുള്ള ശ്രമം കേരളത്തിൽ പതിവാണ്. എന്നാൽ വഖ്ഫ് ഭേദഗതിയുടെ കാര്യത്തിൽ മുനമ്പം ചൂണ്ടിപലകയായി നിന്നതു കൊണ്ട് അത് നടന്നില്ല. ബിൽ സമുദായത്തിന് എതിരാണെന്ന സ്ഥാപിക്കാനുള്ള ശ്രമം വിവരമുള്ള ഇസ്ലാം സഹോദരങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും ഷോൺ ജോർജ് പറഞ്ഞു.
മുനമ്പം വഖ്ഫ് ഭൂമിയാണെന്നും തിരിച്ചു പിടിക്കുമെന്നും വഖ്ഫ് ബോർഡ് ചെയർമാൻ എം. കെ സക്കീറിന്റെ കഴിഞ്ഞ ദിവസം ആവർത്തിച്ചിരുന്നു. വഖ്ഫ് ഭൂമിയായതുകൊണ്ടു തന്നെ എല്ലാവരെയും അവിടെ നിന്നു ഒഴിപ്പിക്കുമെന്നും സക്കീർ പറഞ്ഞിരുന്നു.















