ഗോലിയാത്തിന്റെ കഥ ഏവർക്കും സുപരിചിതമാണ്. ഭീമാകാരനായ യോദ്ധാവെന്ന നിലയിലാണ് ഗോലിയാത്ത് അറിയപ്പെടുന്നത്. ഗോലിയാത്ത് തവളയുണ്ടെന്ന് നിങ്ങൾക്കറിയാമോ? രൂപം കൊണ്ടും ഭാരം കൊണ്ടും മറ്റ് തവളകളിൽ നിന്ന് വ്യത്യസ്തനാണ് ഇവൻ.

ജയന്റ് സ്ലിപ്പറി ഫ്രോഗ് എന്നും അറിയപ്പെടുന്ന ഗോലിയാത്ത് ബുൾഫ്രോഗ് ലോകത്തിലെ ഏറ്റവും വലിയ തവളയാണ്. കേരളത്തിൽ സാധാരണയായി കണ്ടുവരുന്ന കുഞ്ഞൻ തവളകളും മാക്കാച്ചിത്തവളകളും ഇവന്റെ മുൻപിൽ ഒന്നുമല്ല. ഇക്വറ്റേറിയൽ ഗിനയയിലും കാമറൂണിലും കണ്ടുവരുന്ന ഗോലിയാത്ത തവളകൾക്ക് 3.25 കിലോയോളം ഭാരവും 32 സെന്റിമീറ്റർ നീളവുമുണ്ടാകും. എന്നാൽ ഇവയുടെ വാൽമാക്രികൾ സാധാരണ തവളകളെ പോലെയാണ് ഉണ്ടാവുക.
വലിയ കല്ലുകളും മറ്റും നീക്കിനിരക്കി കുളങ്ങളിൽ നിക്ഷേപിച്ച് വാസസ്ഥലമുണ്ടാക്കുന്ന ശീലവും ഇവയ്‌ക്കുണ്ട്. ഭാരം ചുമന്ന് ചുമന്നാകാം ഇവയ്‌ക്ക് മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായി വലിപ്പം വച്ചതെന്നും ഗവേഷകർ പറയുന്നു. ചെറുജീവികളും സസ്യങ്ങളും ആഹാരമാക്കുന്ന ഗോലിയാത്ത് തവളകൾക്ക് ഭയം തോന്നിയാൽ വെള്ളത്തിലേക്ക് എടുത്തുചാടുന്ന ശീലവുമുണ്ട്.
വലിപ്പം കൊണ്ട് ഭീമനായതിനാൽ ഇവയെ പിടികൂടി ആഹാരമാക്കുന്നവരും കുറവല്ല. അതുകൊണ്ടുതന്നെ വംശനാശഭീഷണിയുടെ വക്കിലാണ് ഇവയുള്ളത്. കഴിഞ്ഞ ദശാബ്ദത്തിനിടെ ഇവയുടെ എണ്ണം പകുതിയായി കുറഞ്ഞുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.















