ശ്രീനഗർ: നിയന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച പാക് സൈന്യത്തിന് ശക്തമായ തിരിച്ചടി നൽകി ഇന്ത്യ. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിലുള്ള (എൽഒസി) ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെയാണ് പാകിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ വെടിയുതിർത്തത്. ഉടനടി ഇന്ത്യൻ സൈന്യം തക്കതായ മറുപടി നൽകി.
പാകിസ്താന്റെ ഭാഗത്തുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി ഉടനടി അറിവായിട്ടില്ല. പക്ഷെ ശത്രുസൈന്യത്തിന് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യൻ സൈന്യം ഈ വിവരം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. കൃഷ്ണ ഘാട്ടി സെക്ടറിലാണ് പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചത്.
കഴിഞ്ഞ ദിവസം ജമ്മു ജില്ലയിലെ അഖ്‌നൂർ സെക്ടറിലെ നിയന്ത്രണരേഖയ്‌ക്ക് സമീപം തീവ്രവാദികൾ നടത്തിയ ഐഇഡി സ്‌ഫോടനത്തിൽ ഒരു ക്യാപ്റ്റൻ ഉൾപ്പെടെ രണ്ട് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നിയന്ത്രണരേഖയിൽ വീണ്ടും പാക് പ്രകോപനമുണ്ടായിരിക്കുന്നത്. ഈ വർഷത്തെ ആദ്യത്തെ വെടിനിർത്തൽ ലംഘനമാണിത്. അഞ്ച് ദിവസത്തിനുള്ളിൽ നാലാമത്തെ അതിർത്തി കടന്നുള്ള അക്രമസംഭവമാണ്. 2021 ഫെബ്രുവരി 25 ന് ഇന്ത്യയും പാകിസ്താനും വെടിനിർത്തൽ കരാർ പുതുക്കിയതിനുശേഷം, നിയന്ത്രണരേഖയിൽ വെടിനിർത്തൽ ലംഘനം വളരെ അപൂർവമായിരുന്നു.