പ്രയാഗ്‌രാജ്: മഹാ കുംഭമേളയെ ചോദ്യം ചെയ്തിരുന്നവർ ഇപ്പോൾ രഹസ്യമായി വന്ന് പുണ്യസ്നാനം നടത്തുകയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വ്യാഴാഴ്ചയോടെ ഏകദേശം 50 കോടി ഭക്തർ കുംഭമേളയിൽ പുണ്യസ്നാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അന്തരിച്ച രാഷ്‌ട്രീയ ലോക്ദൾ സ്ഥാപകനും മുൻ കേന്ദ്രമന്ത്രിയുമായ ചൗധരി അജിത് സിങ്ങിന്റെയും കേന്ദ്രമന്ത്രി ജയന്ത് ചൗധരിയുടെയും ‘അഷ്ടധാതു’ (എട്ട് ലോഹങ്ങൾ കൊണ്ട് നിർമ്മിച്ചത്) പ്രതിമ അനാച്ഛാദനം ചെയ്ത ശേഷം ബാഗ്പത്തിലെ ചപ്രൗലിയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
“ചിലർക്ക് കുംഭമേളയുടെ സംഘാടന രീതി ഇഷ്ടപ്പെട്ടില്ല. നിശബ്ദമായിരുന്ന് മറ്റുള്ളവരെ കോവിഡ് വാക്സിൻ എടുക്കാൻ നിരുത്സാഹപ്പെടുത്തിയ അതേ ആളുകൾ തന്നെയാണ് ഇവർ. ഇപ്പോൾ അവർ രഹസ്യമായി ഘട്ടിൽ മുങ്ങിക്കുളിക്കുകയാണ്. എന്നാൽ പൊതുജനങ്ങളെ അവിടെ പോകുന്നത് തടയാൻ ശ്രമിക്കുന്നു,” മുഖ്യമന്ത്രി പറഞ്ഞു.
സാമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ യുപി പ്രതിപക്ഷ നേതാവ് മാതാ പ്രസാദ് പാണ്ഡെ തുടങ്ങിയവർ കഴിഞ്ഞ ദിവസങ്ങളിൽ കുഭമേളയിൽ പങ്കെടുത്ത് പുണ്യസ്നാനം ചെയ്തിരുന്നു. ഇതിനെതിരെയാണ് യോഗി ആദിത്യനാഥ് രൂക്ഷ വിമർശനമുന്നയിച്ചത്. കുംഭമേളയിലെ ഒരുക്കങ്ങൾ മുതിർന്നവരായ ഭക്തർക്ക് പര്യാപ്തമല്ലെന്നും സുരക്ഷാക്രമീകരണങ്ങളിൽ വീഴ്ച സംഭവിച്ചുവെന്നുമായിരുന്നു അഖിലേഷ് യാദവിന്റെ ആരോപണം.















