ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നൂറ് ദിവസത്തെ കർമ പദ്ധതി നടപ്പിലാക്കാനൊരുങ്ങി ബിജെപി. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപിക്കെതിരെ മിന്നും വിജയം സ്വന്തമാക്കി ദിവസങ്ങൾക്ക് ശേഷമാണ് കർമ പദ്ധതി നടപ്പിലാക്കാൻ ബിജെപി തയാറെടുക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ നടപ്പിലാക്കുന്നതിലും മഴക്കാലത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിലും ഡൽഹിയിലെ ഓടകൾ വൃത്തിയാക്കുന്നതിലും കർമ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കും.
കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന യോഗത്തിന് ശേഷമാണ് വികസിത ഡൽഹി എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള നടപടികളെ കുറിച്ച് നേതാക്കൾ ചർച്ച ചെയ്തത്. യോഗത്തിൽ കർമ പദ്ധതിയുടെ മാതൃക തയാറാക്കാൻ ഡൽഹി ചീഫ് സെക്രട്ടറി ധർമേന്ദ്ര ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി.
അടുത്ത 15 ദിവസത്തിനുള്ളിൽ കർമ പദ്ധതിയെ കുറിച്ചുള്ള നടപടി ക്രമങ്ങൾ ആവിഷ്കരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വാർഷിക വരുമാനം കുറവുള്ളവർക്ക് സൗജന്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാകുന്ന ആയുഷ്മാൻ ഭാരത് പദ്ധതിയെ കുറിച്ചുള്ള ഒരു വിവരശേഖരവും ക്രമീകരിക്കാൻ ആരോഗ്യവകുപ്പിനോട് നിർദേശിച്ചിട്ടുണ്ട്.
മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ട് തടയുന്നതിനും അഴുക്കുചാലുകൾ വൃത്തിയാക്കുന്നതിനും ആവശ്യമായ പരിഹാരമാർഗങ്ങൾ തയാറാക്കാൻ ചീഫ് സെക്രട്ടറി ഉത്തരവിട്ടു. എല്ലാ വകുപ്പുകളും നിശ്ചിത സമയത്തിനുള്ളിൽ പ്രാഥമിക വിവരങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശമുണ്ട്.















