തിരുവനന്തപുരം: ഭരണിക്കാവ്-വണ്ടിപ്പെരിയാർ ദേശീയപാത 183 എ-യുടെ വികസനത്തിന് 2,600 കോടിയുടെ എസ്റ്റിമേറ്റിന് കേന്ദ്രസർക്കാരിന്റെ അംഗീകാരം ലഭിച്ചു. ഭരണിക്കാവിൽനിന്ന് പത്തനംതിട്ട, അടൂർ, തട്ട, വടശ്ശേരിക്കര, ളാഹ, എരുമേലി, പുലിക്കുന്നുവഴി മുണ്ടക്കയത്ത് ദേശീയപാത 183 ൽ ചേരുന്നതാണ് അലൈൻമെന്റ്.
24 മീറ്റർ വീതിയിൽ 116.8 കിലോമീറ്റർ ദൈർഘ്യമുണ്ട് പാതയ്‌ക്ക്. ഇതിൽ ഏഴ് ബൈപ്പാസും ഒരുപാലവും ഉൾപ്പെടും. ഭരണിക്കാവിൽനിന്ന് ആഞ്ഞിലിമൂടുവഴി കരുനാഗപ്പള്ളിയിലേക്ക് പാത നീട്ടണമെന്ന ആവശ്യവും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പരിണഗണനയിലാണ്. ഈ പാതയുടെ സാധ്യതാപഠനം പുരോഗമിക്കുകയാണ്.
കരുനാഗപ്പള്ളിയിൽ ദേശീയപാത 66-ൽ നിന്ന് എൻഎച്ച്. 183 എ തുടങ്ങാനുള്ള ആലോചനയും ഗതാഗതമന്ത്രാലയത്തിനുണ്ട്. ഭരണിക്കാവുമുതൽ ചവറ ടൈറ്റാനിയംവരെ 17 കിലോമീറ്റർ വരുന്ന റോഡിനെ ദേശീയപാതാ നിലവാരത്തിലേക്ക് ഉയർത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇത് സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം 2022-ൽ വിജ്ഞാപനമിറക്കി.















