ക്യാൻസർ രോഗികളുടെ എണ്ണം കേരളത്തിൽ ക്രമാതീതമായി വർദ്ധിച്ച് വരികയാണ്. ചെറുപ്പക്കാരിൽ അടക്കം രോഗം കണ്ടെത്തുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. മലയാളിയുടെ തെറ്റായ ഭക്ഷണക്രമം വെല്ലുവിളിയാണെന്ന് ഡോക്ടർമാർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് നടൻ സുധീർ സുകുമാരൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 2021ലാണ് സുധീറിന് മലാശയ ക്യാൻസർ സ്ഥിരീകരിച്ചത്. കൃത്യമായ ചികിത്സയിലൂടെ അദ്ദേഹം രോഗത്തെ അതീജീവിക്കുകയും ചെയ്തു.
രക്തസ്രാവമുണ്ടായപ്പോൾ പൈൽസാണെന്ന് ആദ്യം കരുതി. മമ്മൂട്ടിയും മസിലിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ അതൊന്നും കാര്യമായെടുത്തില്ല. ഒരു തെലുങ്ക് സിനിമയുടെ ഷൂട്ടിംഗിനിടെ രക്തസ്രാവം ഗുരുതരമായി. ഡോക്ടറെ കാണിച്ച് കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് ക്യാൻസറാണന്ന് കണ്ടെത്തിയത്.
തുടർന്ന് അടിയന്തരമായി ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ശസ്ത്രക്രിയ കഴിഞ്ഞ് ഒരുമാസമായപ്പോഴേക്കും വീണ്ടും സംഘട്ടന രംഗത്തിൽ അഭിനയിച്ചെന്നും പല തവണ തുന്നലിൽ നിന്ന് രക്തം പൊടിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
രോഗം സ്ഥിരീകരിച്ച ശേഷം ക്യാൻസർ വരാൻ കാരണമെന്തെന്ന് ഒരുപാട് ആലോചിച്ചു. പിന്നീടാണ് അൽഫാമിനെ കുറിച്ച് ഓർത്തത്. അൽഫാമിന്റെ കരിഞ്ഞ ഭാഗമാണ് കൂടുതൽ ഇഷ്ടം. കരിഞ്ഞ ഭാഗം നോക്കി കുറെ വാങ്ങി കഴിച്ചിട്ടുണ്ട്. ഒപ്പം പച്ചക്കറി കഴിച്ചതുമില്ല. അൽഫാം കഴിക്കുന്നവർ ശ്രദ്ധിക്കണമെന്നും നടൻ പറഞ്ഞു.















