മുംബൈ: റിയാലിറ്റി ഷോയ്‌ക്കിടെ അശ്ലീല തമാശ പറഞ്ഞ യൂട്യൂബർ രൺവീർ അലഹബാദിയയ്‌ക്ക് കുരുക്ക് മുറുകുന്നു. മുംബൈ പൊലിസിന് പുറമേ അസം പൊലീസും രൺവീറിനെതിരെ അന്വേഷണം ഊർജ്ജിതമാക്കി. അന്വേഷണ സംഘം രൺവീറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. റിയാലിറ്റി ഷോയിൽ രൺവീറിനൊപ്പം ജഡ്ജിംഗ് പാനലിലുണ്ടായിരുന്ന ആശിഷ് ചഞ്ച്ലനി, സമയ റൈന, അപൂർവ മുഖിജ, ജസ്പ്രീത് സിംഗ് എന്നിവർക്കും സമൻസ് അയച്ചു.
കഴിഞ്ഞ ദിവസം അസം പൊലീസ് മുംബൈയിലെ ഖാർ പൊലീസ് സ്റ്റേഷനിലെത്തി മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് രൺവീറിനും മറ്റ് യൂട്യൂബർമാർക്കും സമയൻസ് അയച്ചത്. കൂടാതെ റിയാലിറ്റി ഷോയിൽ പങ്കെടുത്ത 28 പേർക്കെതിരെയും കേസെടുത്തിരുന്നു.
രൺവീറിന്റെ അശ്ലീല പരാമർശം വിവാദമായതിന് പിന്നാലെ ഫെബ്രുവരി പത്തിനാണ് യൂട്യൂബർമാർക്കെതിരെ ഗുവാഹത്തി പൊലീസ് കേസെടുത്തത്. രൺവീർ അലഹബാദിയയുടെ മാനേജർ ഉൾപ്പെടെ ഏഴ് പേരുടെ മാെഴി ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. രൺവീറിന്റെയും മറ്റ് യൂട്യൂബർമാരുടെയും മൊഴി ഉടൻ രേഖപ്പെടുത്തും.
‘ഇന്ത്യാസ് ഗോട്ട് ലാറ്റെന്റ്’എന്ന ഷോയിലാണ് രൺവീർ അശ്ലീല പരാമർശം നടത്തിയത്. ഇതുകൂടാതെ കേരളത്തെ അപമാനിക്കുന്ന തരത്തിലും രൺവീറും സംഘവും ഷോയിൽ സംസാരിച്ചിരുന്നു. ഇതിനെതിരെയും വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ഹാസ്യതാരം ജസ്പ്രീത് സിംഗിന്റെ പോസ്റ്റുകൾക്ക് താഴെ മലയാളികളുടെ കനത്ത രോക്ഷപ്രകടനവും നടക്കുകയാണ്.















