കോട്ടയം: ഗാന്ധിനഗർ ഗവ. നഴ്‌സിങ് കോളേജിലെ റാഗിങ് കേസിലെ പ്രധാന പ്രതി സിപിഎം അനുകൂല വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ്. മലപ്പുറം വണ്ടൂര്‍ സ്വദേശി കെ.പി. രാഹുല്‍ രാജ് കേരള ഗവ. സ്റ്റുഡന്റ്‌സ് നഴ്‌സസ് അസോസിയേഷന്റെ (കെ.ജി.എസ്.എന്‍.എ) സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. രാഹുൽരാജ് കോമ്രേഡ് എന്നാണ് ഫേസ്ബുക്ക് പ്രൊഫെലിന്റെ പേര്.
സംസ്ഥാന സെക്രട്ടറിയായിരുന്ന രാഹുല്‍രാജിനെ കഴിഞ്ഞ ഡിസംബറിലാണ് സംസ്ഥാന കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഇതിന്റെ പോസ്റ്റർ പ്രതി ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. സംഘടനയുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്റുകളും പോസ്റ്ററുകളും ഫേസ്ബുക്കിലുണ്ട്. നഴ്സിംഗ് വിദ്യാർത്ഥി സംഘടനയുടെ സംസ്ഥാന കലോത്സവത്തിൽ ലളിത ഗാനത്തിന് ഒന്നാം സമ്മാനം സ്വീകരിക്കുന്ന ചിത്രവും പ്രതിയുടെ പ്രൊഫൈലിൽ ഉണ്ട്.
രാഹുൽ അടങ്ങുന്ന അഞ്ചംഗ സംഘം പരാതിക്കാരനായ വിദ്യാർത്ഥിയെ അതിക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കയ്യും കാലും കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് ശരീരഭാഗങ്ങളിൽ മുറിവേൽപ്പിച്ച് ആഘോഷിക്കുകയായിരുന്നു ഇവർ. മുറിവേറ്റ ഭാഗങ്ങളിൽ ലോഷൻ ഒഴിച്ചു. വേദനകൊണ്ട് വിദ്യാർത്ഥി അലറിവിളിക്കുന്നത് വീഡിയോയിൽ കേൾക്കാം. സ്വകാര്യ ഭാഗങ്ങളിൽ പരിക്കേൽപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം സ്വദേശികളായ സാമുവല്‍ ജോൺസൺ, വിവേക് എൻപി, വയനാട് സ്വദേശി എൻ എസ് ജീവ, മലപ്പുറം സ്വദേശികളായ കെ പി രാഹുൽ രാജ്, സി റിജിൽജിത്ത് എന്നിവരാണ് അറസ്റ്റിലായത്.















