കോഴിക്കോട്: കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകളിടഞ്ഞു.ഒരാന മറ്റൊരാനയെ കുത്തി.തുടർന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ട് രണ്ടു സ്ത്രീകൾ മരിച്ചു. ലീല, അമ്മുക്കുട്ടി എന്നിവരാണ് മരിച്ചത്. മുപ്പതോളം പേർക്ക് പരിക്കേറ്റു.ക്ഷേത്ര പരിസരത്തെ ദേവസ്വം ഓഫിസും ആന തകർത്തിട്ടുണ്ട്. കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലാണ് സംഭവം. ഇവിടെ ഉൽസവത്തിനെത്തിച്ച പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞത്.
ഇടഞ്ഞ ഒരാന മറ്റൊരാനയെ കുത്തിയതോടെ രണ്ട് ആനകളും ഇടഞ്ഞോടി. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കൽ കോളജിൽ 7 പേരാണുള്ളത്. മറ്റുള്ളവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. വെടിക്കെട്ടിന്റെ ശബ്ദം കേട്ടാണ് ആന വിരണ്ടതെന്നാണ് പ്രാഥമിക വിവരം.















