രാജ്യത്തെയൊട്ടാകെ കണ്ണീരിലാഴ്‌ത്തിയ പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേയ്‌ക്ക് ആറ് വർഷം. ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച 40 ജവാന്മാരെ വേദനയോടെ രാജ്യം ഓർമിക്കുന്നു. ലോകത്തെ തന്നെ ഞെട്ടിച്ച ഭീകരാക്രമണങ്ങളിലൊന്നാണ് പുൽവാമ ആക്രമണം. സ്ഫോടനവസ്തുക്കൾ നിറഞ്ഞ വാഹനം അപ്രതക്ഷീതമായി എതിരെ വന്നപ്പോൾ പ്രതിരോധിക്കാൻ പോലും കഴിയാതെ എരിഞ്ഞടഞ്ഞ 40 ജീവനുകൾ. ഭാരതമണ്ണിന് കാവലായ നിന്ന ജവാന്മാരെ കുറിച്ച് നൊമ്പരത്തോടെയല്ലാതെ ഓർമിക്കാനാകില്ല.
2019 ഫെബ്രുവരി 14-ന് 3.15 ഓടെയാണ് പുൽവാമയിൽ ഭീകരാക്രമണം നടന്നത്. 2547 സിആർപിഎഫ് ജവാന്മാർ 78 വാഹനങ്ങളിലായി ജമ്മുവിൽ നിന്ന് ശ്രീനഗറിലേയ്‌ക്ക് പോകുമ്പോഴാണ് സംഭവം. പുൽവാമ ജില്ലയിലെ അവന്തിപുരയ്‌ക്കടുത്ത് ദേശീയപാതയിൽ വച്ചാണ് ഭീകരാക്രമണം നടന്നത്. 100 കിലോ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം സിആർപിഎഫ് ജവാന്മാർ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ ഇടിച്ചുകയറ്റുകയായിരുന്നു.
പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ജെയ്ഷെ ഇ മുഹമ്മദ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. വീരമൃത്യു വരിച്ച ജവാന്മാരുടെ ആത്മശാന്തിക്കായി കൃത്യം 12 ദിവസങ്ങൾക്ക് ശേഷം ഇന്ത്യ തിരിച്ചടിച്ചു. പാകിസ്താനിലെ ബാലകോട്ടിൽ തുടർച്ചയായി ഇന്ത്യ വ്യോമാക്രമണം നടത്തി. ഫെബ്രുവരി 25-ന് രാത്രി നടത്തിയ ദൗത്യത്തിൽ 300 ഭീകരരെയാണ് ഇന്ത്യൻ സൈന്യം വധിച്ചത്.
1971- ന് ശേഷം ആദ്യമായാണ് ഇന്ത്യൻ വ്യോമസേന പാകിസ്താൻ അതിർത്തി കടന്നത്. പാകിസ്താൻ അതിർത്തിയിൽ നിന്ന് 65 കിലോമീറ്റർ ദൂരത്തിൽ ഇന്ത്യൻ സൈന്യം ആക്രമണം നടത്തി. ബാലകോട്ട് പ്രദേശവും ഭീകരരുടെ ക്യാമ്പും പൂർണമായും തകർത്തെറിഞ്ഞു.
ഇന്ത്യൻ സായുധസേനയുടെ ശക്തിയെയും ധീരതയെയും തെളിയിക്കുന്ന ആക്രമണമായിരുന്നു അത്. അടിക്ക് തിരിച്ചടി എന്ന സന്ദേശം നൂറ് ശതമാനം പ്രാവർത്തികമാക്കുകയായിരുന്നു ഇന്ത്യൻ സൈന്യം.