തിരുവനന്തപുരം: കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർത്ഥി സ്കൂളിൽ ആത്മഹത്യ ചെയ്തു. കുറ്റിച്ചൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് സ്കൂളിൽ തൂങ്ങിമരിച്ചത്. ഇന്നലെ വൈകുന്നേരം മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. കുറ്റിച്ചൽ എരുമക്കുഴി സ്വദേശി ബെൻസൺ എബ്രഹാമാണ് മരിച്ചത്. സ്കൂളിലെ ക്ലർക്കിന്റെ മാനസിക പീഡനമാണ് മരണത്തിന് കാരണമെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു.
പ്രോജക്ട് സീൽ ചെയ്യാൻ പോയപ്പോൾ ക്ലർക്ക് പരിഹസിച്ചുവെന്ന് കുട്ടിയുടെ അമ്മാവൻ സതീശൻ പ്രതികരിച്ചു. ക്ലർക്കിന്റെ നിരുത്തരവാദിത്തപരമായ പെരുമാറ്റമാണ് കുട്ടിയെ മരണത്തിലേക്ക് തള്ളിവിട്ടത്. റെക്കോർഡ് സബ്മിറ്റ് ചെയ്യേണ്ട അവസാന ദിവസമായിരുന്നു ഇന്നലെ. സീലു ചെയ്തുകൊണ്ട് വരാനായി ക്ലാസ് ടീച്ചർ ഓഫീസിലേക്ക് അയച്ചു. സീൽ തരണമെന്ന് പറഞ്ഞപ്പോൾ കളിയാക്കുന്ന രീതിയിലാണ് ക്ലർക്ക് സംസാരിച്ചത്. കുട്ടികൾ സീലെടുത്തപ്പോൾ ‘നിന്റെ അപ്പന്റെ വകയാണോ എടാ ഇതെന്ന്’ അയാൾ ചോദിച്ചു.
സ്കൂളിലെ പല അദ്ധ്യാപകരും കുട്ടിയോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. മുമ്പും ഇതുപോലെ മോശം അനുഭവം ഉണ്ടായപ്പോൾ തങ്ങൾ സമാധാനിപ്പിക്കുകയാണ് ചെയ്തതെന്നും സതീശൻ പറഞ്ഞു.
കുട്ടിയുടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ സ്കൂളിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ക്ലർക്കുമായുള്ള പ്രശ്നത്തിന് പിന്നാലെ കുട്ടിക്കെതിരെ ക്ലർക്ക് പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു. പ്രിൻസിപ്പൽ കുട്ടിയുടെ അമ്മയെ വിളിച്ച് വിവരം അറിയിച്ചതിന് പിന്നാലെയാണ് കുട്ടിയെ കാണാതാകുന്നത്.