ഉണ്ണി മുകുന്ദൻ നായകനായി പുറത്തിറങ്ങിയ ഹിറ്റ് ചിത്രമാണ് മാർക്കോ. നിരവധി ആളുകളാണ് ചിത്രത്തെയും ഉണ്ണി മുകുന്ദനെയും പ്രശംസിച്ച് രംഗത്തെത്തിയത്. എന്നാൽ മാർക്കോയെ കുറിച്ച് സുരാജ് വെഞ്ഞാറമൂട് പറഞ്ഞ വാക്കുകൾ ഏറെ ചർച്ചയായിരുന്നു. ‘എന്റെ സിനിമയിൽ വെട്ടിക്കീറലും ആൾക്കാരെ കൊല്ലലൊന്നുമില്ല, ധൈര്യമായിട്ട് പിള്ളേരുമായി പോയിരുന്നു കാണാം’- എന്നായിരുന്നു സുരാജിന്റെ പരാമർശം. എന്നാൽ ഇതിന് പിന്നാലെ സോഷ്യൽമീഡിയയിൽ വലിയ വിമർശനങ്ങളാണ് സുരാജിനെതിരെ ഉയർന്നത്.
സുരാജിന്റെ എക്സ്ട്രാ ഡീസന്റ് എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു പ്രതികരണം. ഇപ്പോഴിതാ താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് വിശദീകരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. ‘ഞാൻ അന്ന് പറഞ്ഞത് ശരിക്കും തെറ്റിദ്ധരിക്കപ്പെട്ടതാണ്. ഒരു സൈക്കോ കഥാപാത്രം എന്റെ സിനിമയിൽ ഉണ്ടായിരുന്നു. ആ സമയത്ത് നിങ്ങളുടെ സിനിമയിലും വെട്ടും കുത്തുമുണ്ടോയെന്ന് എന്നോട് ഒരാൾ ചോദിച്ചു’.
‘ആ ചോദ്യത്തിനാണ് ഞാൻ മറുപടി നൽകിയത്. ഞങ്ങളുടെ സിനിമയിൽ വെട്ടും കുത്തുമൊന്നും ഇല്ലെന്ന് ഞാൻ പറഞ്ഞു. ഇതാണ് തെറ്റിദ്ധരിക്കപ്പെട്ടത്. മാർക്കോ ഞാൻ കണ്ടു. എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. ഉണ്ണിക്ക് മെസേജ് അയച്ചു. ഉണ്ണി തന്റെ അടുത്ത സുഹൃത്താണെന്നും’ സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.















