കോയമ്പത്തൂർ: ബോംബാക്രമണത്തിന്റെ വാർഷികമാചരിക്കുന്ന ഇന്ന് കോയമ്പത്തൂരിൽ വൻ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. 2,000 പൊലീസ് ഉദ്യോഗസ്ഥരെയാണ് നഗരത്തിൽ വിന്യസിച്ചത്.
1998 ഫെബ്രുവരി 14 ന് കോയമ്പത്തൂരിൽ ഉണ്ടായ ബോംബ് സ്ഫോടനങ്ങളിൽ 58 പേർ മരിച്ചു. കോയമ്പത്തൂർ നഗരത്തിന്റെ 12 കിലോമീറ്റർ ചുറ്റളവിൽ 12 സ്ഫോടനങ്ങളാണ് അന്ന് നടന്നത്. 231 പേർക്ക് അന്ന് ഗുരുതരമായി പരിക്കേറ്റു. ഈ തീവ്രവാദ പ്രവർത്തനത്തിന്റെ പ്രധാന സൂത്രധാരൻ അൽ ഉമ്മ നേതാവ് എസ് എ ബാഷ ആയിരുന്നു. ഇയാൾ അടുത്തിടെ മരിച്ചു.
എൽ.കെ.അദ്വാനിയുടെ തിരഞ്ഞെടുപ്പ് യോഗത്തിനു മുന്നോടിയായിട്ടായിരുന്നു സ്‌ഫോടനങ്ങളെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. സ്‌ഫോടന പരമ്പരകൾ നടത്താൻ ക്രിമിനൽ ഗൂഢാലോചന നടത്തിയതിന് സ്‌ഫോടനത്തിന്റെ സൂത്രധാരനായ എസ്എ ബാഷ കുറ്റക്കാരനാണെന്ന് കണ്ടെത്തി. മുഖ്യ സൂത്രധാരൻ ബാഷയ്‌ക്ക് ജീവപര്യന്തവും സഹായി മുഹമ്മദ് അൻസാരിക്ക് ഇരട്ട ജീവപര്യന്തവും ശിക്ഷ വിധിച്ചു.
ഈ സ്ഫോടനത്തിൽ മരിച്ചവർക്ക് എല്ലാ വർഷവും ഫെബ്രുവരി 14 ന് ആർ.എസ്. പുരത്ത് ഹിന്ദു സംഘടനകൾ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഇതിനോടനുബന്ധിച്ച് ഇന്ന് ഒരു റാലിയും ആദരാഞ്ജലി സമർപ്പണവും നടക്കും.
ഇതിനു മുന്നോടിയായിട്ടാണ് കോയമ്പത്തൂർ സിറ്റി പൊലീസ് കമ്മീഷണർ ശരവണ സുന്ദറിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി കമ്മീഷണർമാർ, അസിസ്റ്റന്റ് കമ്മീഷണർമാർ, ഇൻസ്പെക്ടർമാർ, സബ് ഇൻസ്പെക്ടർമാർ, എന്നിവരുൾപ്പെടെ 2,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചത്.
കൂടാതെ, ഇന്ന് വാലന്റൈൻസ് ദിനമായതിനാൽ, കോയമ്പത്തൂരിലെ ബസ് സ്റ്റേഷനുകൾ, പാർക്കുകൾ, തടാകതീരങ്ങൾ തുടങ്ങിയ പൊതുജനങ്ങൾ ഒത്തുകൂടുന്ന സ്ഥലങ്ങളിലും പൊലീസ് തീവ്രമായ നിരീക്ഷണം നടത്തുന്നുണ്ട്.















