കണ്ണൂർ: പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. കണ്ണൂർ കൊളവല്ലൂർ പിആർഎം സ്കൂളിലാണ് സംഭവം. നോട്ടം ശരിയല്ലെന്നും ബഹുമാനിക്കുന്നില്ലെന്നും ആരോപിച്ചാണ് വിദ്യാർത്ഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ മർദ്ദിച്ചത്. സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു.
പാറാട് സ്വദേശിയായ മുഹമ്മദ് നിഹാലാണ് റാഗിംഗിന് ഇരയായത്. ബുധനാഴ്ച രാത്രിയായിരുന്നു ആക്രമണം. തറയിലിട്ട് ചവിട്ടുകയും വലിച്ചിഴക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ആക്രമണത്തിൽ വിദ്യാർത്ഥിയുടെ തോളെല്ലിന് പൊട്ടലുണ്ടായി. സാരമായ പരിക്കുകളോടെ തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ് വിദ്യാർത്ഥി.
തോളെല്ലിന് ഗുരുതരമായി പരിക്കേറ്റ നിഹാലിനെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി. പ്ലസ് വൺ വിദ്യാർത്ഥികളും പ്ലസ് ടു വിദ്യാർത്ഥികളും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പാറാട് ടൗണിൽ വച്ച് സീനിയർ വിദ്യാർത്ഥികൾ ചേർന്ന് നിഹാലിനെ ആക്രമിച്ചത്.















